ഉൽപ്പത്തി 20:1-7

ഉൽപ്പത്തി 20:1-7 MCV

പിന്നെ അബ്രാഹാം തെക്കേ ദേശത്തേക്കു പോയി; അവിടെ കാദേശിനും ശൂരിനും മധ്യേ താമസിച്ചു. ഇതിനുശേഷം അദ്ദേഹം ഗെരാരിലേക്കുപോയി, അവിടെ പ്രവാസിയായി താമസിക്കുമ്പോൾ അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു. അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്. നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.

ഉൽപ്പത്തി 20:1-7 - നുള്ള വീഡിയോ