ഗലാത്യർ 2:1-14

ഗലാത്യർ 2:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പതിന്നാല് ആണ്ട് കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി. ഞാൻ ഒരു വെളിപ്പാട് അനുസരിച്ചത്രേ പോയത്; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, വിശേഷാൽ പ്രമാണികളോടു വിവരിച്ചു. എന്റെകൂടെയുള്ള തീത്തൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബന്ധിച്ചില്ല. അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിനു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു. സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്ക്കേണ്ടതിനു ഞങ്ങൾ അവർക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. പ്രമാണികളായവരോ അവർ പണ്ട് എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. നേരേ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ട് പത്രൊസിനു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്ക് അഗ്രചർമക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാൻ തക്കവണ്ണം എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലംകൈ തന്നു. ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു. എന്നാൽ കേഫാവ് അന്ത്യൊക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽനിന്നു ചിലർ വരുംമുമ്പേ അവൻ ജാതികളോടുകൂടെ തിന്നുപോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു. ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോകുവാൻ ഇടവന്നു. അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നത് എന്ത്?

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് പതിനാല് വർഷം കഴിഞ്ഞ് ബർനബാസിനോടുകൂടി ഞാൻ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്റെകൂടെ കൊണ്ടുപോയിരുന്നു. ദൈവത്തിന്റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാൻ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാൻ പ്രസംഗിച്ചുവന്ന സുവിശേഷം അവർക്കു വിശദീകരിച്ചുകൊടുത്തു. ഞാൻ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്. എന്റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകർമത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിർബന്ധിച്ചില്ല. എന്നാൽ അതിനു വിധേയനാക്കണമെന്നു ചിലർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവർ സഹവിശ്വാസികളെന്ന ഭാവത്തിൽ ഞങ്ങളുടെ സംഘത്തിൽ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. സുവിശേഷസത്യം നിങ്ങൾക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങൾ അവർക്കു വിധേയരായില്ല. പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവർ ആരുതന്നെ ആയാലും വേണ്ടില്ല; ഞാൻ പറഞ്ഞതിൽ കൂടുതലായി ഒന്നുംതന്നെ അവർ നിർദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്. നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവർക്കു ബോധ്യമായി. പത്രോസിൽ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലൻ ആക്കിയത്. ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോൾ, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്റെയും ബർനബാസിന്റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങൾ വിജാതീയരുടെ ഇടയിലും, അവർ യെഹൂദന്മാരുടെ ഇടയിലും പ്രവർത്തിക്കുന്നു. ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവർ പറഞ്ഞില്ല. അക്കാര്യത്തിൽ ഞാൻ ശ്രദ്ധിച്ചുമിരുന്നു. പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാൻ അദ്ദേഹത്തെ എതിർത്തു. യാക്കോബിന്റെ അടുക്കൽനിന്നു വന്ന ഏതാനും പേർ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാൽ അവർ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരിൽനിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാൽ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു. പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാൻ തുടങ്ങി; ബർനബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു. അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?”

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ പതിനാല് വർഷം കഴിഞ്ഞിട്ട് ഞാൻ ബർന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ട് വീണ്ടും യെരൂശലേമിലേക്കു പോയി. ഞാൻ ഒരു വെളിപ്പാട് അനുസരിച്ചത്രേ പോയത്; ഞാൻ ഓടുന്നതോ ഓടിയതോ വെറുതെ എന്നു വരാതിരിപ്പാൻ ഞാൻ ജനതകളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, എന്നാൽ പ്രത്യേകിച്ച് മറ്റുള്ളവരെ നയിക്കുന്ന പ്രമാണികളോട് വ്യക്തിപരമായി വിവരിച്ചു. എന്നാൽ എന്‍റെ കൂടെയുള്ള തീത്തൊസ്, യവനൻ എങ്കിലും പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിച്ചില്ല. ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ രഹസ്യമായി അയച്ച കള്ള സഹോദരന്മാർ നിമിത്തമായിരുന്നു നിർബ്ബന്ധിക്കാഞ്ഞത്. അവർ ന്യായപ്രമാണത്തിന് നമ്മെ അടിമകളാക്കുവാൻ ആഗ്രഹിച്ചു. നിങ്ങളോടുള്ള സുവിശേഷത്തിന്‍റെ സത്യം മാറ്റംവരാതെ നിലനിൽക്കേണ്ടതിന് ഞങ്ങൾ അവർക്ക് ഒരു മണിക്കൂറുപോലും വഴങ്ങിക്കൊടുത്തില്ല. എന്നാൽ മറ്റുള്ളവർ പ്രമാണികൾ എന്നു പറയുന്നവർ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. അവർ എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല. നേരേമറിച്ച്, പരിച്ഛേദനക്കാരുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിൽ വ്യാപരിച്ചവനായ ദൈവം ജനതകൾക്കായി എന്നിലും വ്യാപരിച്ചതുകൊണ്ട് പത്രൊസിന് പരിച്ഛേദനക്കാരോട് സുവിശേഷം ഘോഷിക്കേണ്ടതുപോലെ എന്നെ അഗ്രചർമ്മക്കാരോട് സുവിശേഷം ഘോഷിക്കുവാൻ ഭരമേല്പിച്ചിരിക്കുന്നു എന്നു അവർ കാണുകയും എനിക്ക് ലഭിച്ച കൃപ അറിഞ്ഞുംകൊണ്ട് നായകരായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും, ഞങ്ങൾ ജാതികളോടും അവർ പരിച്ഛേദനക്കാരോടും സുവിശേഷം അറിയിക്കുവാൻ പോകേണ്ടതിന് എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു. ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നും അവർ പറഞ്ഞു; അങ്ങനെ ചെയ്‌വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു. കേഫാവ് അന്ത്യൊക്യപട്ടണത്തില്‍ വന്നപ്പോൾ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്‍റെ അടുക്കൽനിന്ന് ചിലർ വരുംമുമ്പെ കേഫാവ് ജാതികളോടുകൂടെ തിന്നു പോന്നു; എന്നാൽ അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു ജാതികളിൽ നിന്നു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദസഹോദരന്മാരും കേഫാവിനോടുകൂടെ ഈ കപടം കാണിച്ചു. അതുകൊണ്ട് ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു. എന്നാൽ, അവർ സുവിശേഷത്തിന്‍റെ സത്യം പിന്തുടരുന്നില്ല എന്നു കണ്ടിട്ട് ഞാൻ എല്ലാവരുടെയും മുമ്പിൽവച്ച് കേഫാവിനോട് പറഞ്ഞത്: ”യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജനതകളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജനതകളെ യെഹൂദമര്യാദ അനുസരിക്കുവാൻ നിര്‍ബ്ബന്ധിക്കുന്നത് എങ്ങനെ?”

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി. ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു. എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല. അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു. സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല. നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു. ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‌വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു. എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു. അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക

ഗലാത്യർ 2:1-14 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീട്, പതിന്നാലു വർഷത്തിനുശേഷം ഞാനും ബർന്നബാസും, തീത്തോസിനെയുംകൂട്ടി വീണ്ടും ജെറുശലേമിലേക്കു യാത്രയായി. എനിക്കു ലഭിച്ച ഒരു ദർശനം അനുസരിച്ചായിരുന്നു അത്. ഞാൻ ഇപ്പോൾ തുടരുന്നതും മുമ്പ് തുടർന്നുവന്നിരുന്നതുമായ പ്രയത്നങ്ങൾ പ്രയോജനരഹിതമായവ ആണോ എന്നുറപ്പിക്കുന്നതിനുവേണ്ടി സഭയുടെ നേതൃനിരയിലുള്ളവരുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി; ഞാൻ യെഹൂദേതരരോടു ഘോഷിക്കുന്ന സുവിശേഷം അവരുടെമുമ്പാകെ അവതരിപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന തീത്തോസ്, ഒരു ഗ്രീക്കുകാരൻ ആയിരുന്നിട്ടുപോലും അയാൾ പരിച്ഛേദനമേൽക്കാൻ ആരും അപ്പോൾ നിർബന്ധിച്ചില്ല. നമ്മുടെ ഇടയിൽ നുഴഞ്ഞുകയറിയ ചില വ്യാജസഹോദരന്മാർ ക്രിസ്തുയേശുവിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി നമ്മെ യെഹൂദ ആചാരമര്യാദകൾക്ക് അധീനരാക്കാൻ ശ്രമിച്ചു. എങ്കിലും ഒരു നിമിഷംപോലും ഞങ്ങൾ അവർക്ക് അധീനരായില്ല. സുവിശേഷസത്യം നിങ്ങളിൽ സുസ്ഥിരമാകുന്നതിനാണ് ഞങ്ങൾ ആഗ്രഹിച്ചത്. സഭയുടെ നേതൃത്വനിരയിലുള്ളവരെന്നു കരുതപ്പെടുന്ന ആരും ഞാൻ പറഞ്ഞ സന്ദേശത്തോട് ഒന്നുംതന്നെ കൂട്ടിച്ചേർത്തില്ല. അവർ ഏതു നിലയിലുള്ളവർ ആയിരുന്നാലും അവയൊന്നും എനിക്ക് ബാധകവുമല്ല. കാരണം, ദൈവത്തിനു പക്ഷഭേദമില്ലല്ലോ! ഞാൻ യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടതുപോലെതന്നെ പത്രോസ് യെഹൂദരോടും സുവിശേഷം അറിയിക്കുന്നു എന്ന് അവർ മനസ്സിലാക്കി. കാരണം, യെഹൂദരുടെ അപ്പൊസ്തലനായ പത്രോസിൽ പ്രവർത്തിച്ച ദൈവംതന്നെയാണ് യെഹൂദേതരരുടെ അപ്പൊസ്തലനായ എന്നിലും പ്രവർത്തിച്ചത്. സഭയിലെ അംഗീകൃത നേതൃത്വനിരയിലുള്ള യാക്കോബും പത്രോസും യോഹന്നാനും, എനിക്കു നൽകപ്പെട്ട കൃപയെക്കുറിച്ച് ബോധ്യം വന്നതിനാൽ, ബർന്നബാസിനും എനിക്കും കൂട്ടായ്മയുടെ വലതുകരം തന്നു. ഞങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കും അവർ യെഹൂദരുടെ മധ്യത്തിലേക്കും പോകാൻ തീരുമാനമെടുത്തു. ദരിദ്രരെ ഓർത്തുകൊള്ളണം എന്നുമാത്രമാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇതു ചെയ്യാൻ ഞാൻ ഉത്സുകനും ആയിരുന്നു. എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി എതിർത്തു. കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു. ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു. അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്?

പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക