പിന്നീട് പതിനാല് വർഷം കഴിഞ്ഞ് ബർനബാസിനോടുകൂടി ഞാൻ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്റെകൂടെ കൊണ്ടുപോയിരുന്നു. ദൈവത്തിന്റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാൻ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാൻ പ്രസംഗിച്ചുവന്ന സുവിശേഷം അവർക്കു വിശദീകരിച്ചുകൊടുത്തു. ഞാൻ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്. എന്റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകർമത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിർബന്ധിച്ചില്ല. എന്നാൽ അതിനു വിധേയനാക്കണമെന്നു ചിലർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവർ സഹവിശ്വാസികളെന്ന ഭാവത്തിൽ ഞങ്ങളുടെ സംഘത്തിൽ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. സുവിശേഷസത്യം നിങ്ങൾക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങൾ അവർക്കു വിധേയരായില്ല. പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവർ ആരുതന്നെ ആയാലും വേണ്ടില്ല; ഞാൻ പറഞ്ഞതിൽ കൂടുതലായി ഒന്നുംതന്നെ അവർ നിർദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്. നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവർക്കു ബോധ്യമായി. പത്രോസിൽ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലൻ ആക്കിയത്. ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോൾ, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്റെയും ബർനബാസിന്റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങൾ വിജാതീയരുടെ ഇടയിലും, അവർ യെഹൂദന്മാരുടെ ഇടയിലും പ്രവർത്തിക്കുന്നു. ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവർ പറഞ്ഞില്ല. അക്കാര്യത്തിൽ ഞാൻ ശ്രദ്ധിച്ചുമിരുന്നു. പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാൻ അദ്ദേഹത്തെ എതിർത്തു. യാക്കോബിന്റെ അടുക്കൽനിന്നു വന്ന ഏതാനും പേർ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാൽ അവർ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരിൽനിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാൽ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു. പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാൻ തുടങ്ങി; ബർനബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു. അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?”
GALATIA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GALATIA 2:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ