യെഹെസ്കേൽ 3:12-27
യെഹെസ്കേൽ 3:12-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു. ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരച്ചിലും വലിയ മുഴക്കമുള്ളൊരു ശബ്ദവും ഞാൻ കേട്ടു. ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടുംകൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തേടത്തു തന്നെ എത്തി, അവരുടെ മധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു. ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ: മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ട് എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം. ഞാൻ ദുഷ്ടനോട്: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന് അവൻ തന്റെ ദുർമാർഗം വിടുവാൻ അവനെ ഓർപ്പിച്ചു കൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ട് ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ട് അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവനു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു. അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്ത്വംപോലെ അവിടെ യഹോവയുടെ മഹത്ത്വം നില്ക്കുന്നതു കണ്ട് ഞാൻ കവിണ്ണുവീണു. അപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിനകത്തു കതകടച്ചു പാർക്ക. എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും. നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന് ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ. ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോട്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.
യെഹെസ്കേൽ 3:12-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ദൈവത്തിന്റെ ആത്മാവ് എന്നെ ഉയർത്തി; ദൈവത്തിന്റെ മഹത്ത്വം സ്വസ്ഥാനത്തുനിന്ന് ഉയർന്നപ്പോൾ വലിയ ഭൂകമ്പത്തിന്റെ ഇരമ്പൽപോലെയുള്ള ശബ്ദം എന്റെ പിറകിൽ കേട്ടു. അതു ജീവികളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെയും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെയും ശബ്ദം ആയിരുന്നു. ആത്മാവ് എന്നെ ഉയർത്തിക്കൊണ്ടുപോയി. ഞാൻ ദുഃഖിതനും കുപിതനുമായി. എന്തെന്നാൽ സർവേശ്വരന്റെ ശക്തി എന്റെമേൽ ശക്തമായി വ്യാപരിച്ചിരുന്നു. അങ്ങനെ ഞാൻ തേൽ-അബീബിൽ കെബാർനദീതീരത്തു കഴിഞ്ഞിരുന്ന പ്രവാസികളുടെ അടുക്കൽ ചെന്ന് ഏഴു ദിവസം സ്തബ്ധനായി കഴിഞ്ഞു. ഏഴുദിവസം കഴിഞ്ഞപ്പോൾ എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന്റെ കാവല്‌ക്കാരനാക്കിയിരിക്കുന്നു. ഞാൻ പറയുന്ന വചനം കേട്ടു നീ അവർക്കു മുന്നറിയിപ്പു നല്‌കുക. ഒരു ദുഷ്ടമനുഷ്യൻ മരിച്ചുപോകും എന്നു ഞാൻ പ്രസ്താവിക്കുമ്പോൾ നീ അവനെ രക്ഷിക്കാൻവേണ്ടി അവനു മുന്നറിയിപ്പു നല്‌കുകയോ ദുർമാർഗത്തിൽനിന്നു പിന്തിരിയാൻ അവനെ ഉദ്ബോധിപ്പിക്കുകയോ ചെയ്യാതിരുന്നാൽ ആ ദുഷ്ടൻ തന്റെ അകൃത്യത്താൽ മരണമടയും; എന്നാൽ ഞാൻ നിന്നെ അവന്റെ മരണത്തിന് ഉത്തരവാദിയാക്കും. നീ അവനു മുന്നറിയിപ്പു നല്‌കിയിട്ടും ദുർമാർഗത്തിൽ അവൻ തുടരുകയും ദുഷ്ടത പ്രവർത്തിക്കുകയും ചെയ്താൽ അവൻ തന്റെ അകൃത്യത്താൽ മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും. നീതിമാൻ തന്റെ നീതിമാർഗം വെടിഞ്ഞ് അകൃത്യത്തിൽ ഏർപ്പെടുകയും ഞാൻ അത് അവന്റെ തകർച്ചയ്‍ക്കു കാരണമാക്കുകയും ചെയ്താൽ അവൻ മരിക്കും. നീ അവനു മുന്നറിയിപ്പു നല്‌കാതിരുന്നതുകൊണ്ട് അവന്റെ പാപത്താൽ അവൻ മരിക്കും. അവന്റെ സൽകൃത്യങ്ങൾ ഞാൻ ഓർക്കുകയുമില്ല. അവന്റെ മരണത്തിനു നീ ഉത്തരവാദിയാകും. നിന്റെ മുന്നറിയിപ്പുകൊണ്ട് നീതിമാനായ ഒരുവൻ പാപം ചെയ്യാതിരുന്നാൽ അവൻ നിശ്ചയമായും ജീവിക്കും. അവൻ നിന്റെ മുന്നറിയിപ്പു സ്വീകരിച്ചുവല്ലോ. നീ നിന്റെ ജീവൻ രക്ഷിക്കും. സർവേശ്വരന്റെ ശക്തി വീണ്ടും എന്റെമേൽ വന്നു. അവിടുന്ന് എന്നോടു പറഞ്ഞു: “നീ എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും.” അങ്ങനെ ഞാൻ സമതലത്തിലേക്കു പോയി. അവിടെ ഞാൻ സർവേശ്വരന്റെ മഹത്ത്വം ദർശിച്ചു. കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട മഹത്ത്വംപോലെ തന്നെയായിരുന്നു അത്. ഞാൻ കമിഴ്ന്നുവീണു. അപ്പോൾ ആത്മാവ് എന്റെ ഉള്ളിൽ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിർത്തി എന്നോടു സംസാരിച്ചു: “നീ വീട്ടിൽ ചെന്ന് കതകടച്ച് ഇരിക്കുക. മനുഷ്യപുത്രാ, ജനങ്ങളുടെ ഇടയിലേക്കു ചെല്ലാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ടു ബന്ധിക്കും. അവരെ ശാസിക്കാൻ കഴിയാത്തവിധം നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേർത്തു ഞാൻ നിന്നെ മൂകനാക്കും. കാരണം അവർ ധിക്കാരികളായ ജനമാണല്ലോ. എന്നാൽ ഞാൻ നിന്നോടു സംസാരിക്കുമ്പോൾ നിന്റെ വായ് ഞാൻ തുറക്കും. ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയണം. അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ. അവർ നിഷേധികളായ ജനമാണല്ലോ.”
യെഹെസ്കേൽ 3:12-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തു: “യഹോവയുടെ മഹത്വം സ്വസ്ഥാനത്ത് അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്‍റെ പിമ്പിൽ കേട്ടു. ജീവികളുടെ ചിറകുകൾ തമ്മിൽ തട്ടുന്ന ശബ്ദവും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ശബ്ദവും വലിയ മുഴക്കമുള്ള ഒരു ശബ്ദവും ഞാൻ കേട്ടു. ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്‍റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്‍റെ മേൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ കെബാർനദീതീരത്ത് താമസിച്ച തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ വസിച്ചിരുന്ന സ്ഥലത്തുതന്നെ എത്തി, അവരുടെ മദ്ധ്യത്തിൽ ഏഴു ദിവസം സ്തബ്ധനായി താമസിച്ചു. ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം. ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർമ്മിപ്പിക്കുകയോ, ദുഷ്ടൻ ജീവരക്ഷ പ്രാപിക്കേണ്ടതിന് അവൻ തന്റെ ദുർമ്മാർഗ്ഗം ഉപേക്ഷിക്കുവാൻ അവനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒന്നും പറയുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്‍റെ രക്തം ഞാൻ നിന്നോട് ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേട് പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർമ്മിപ്പിക്കായ്കകൊണ്ട് അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന് കണക്കിടുകയുമില്ല; അവന്‍റെ രക്തം ഞാൻ നിന്നോട് ചോദിക്കും. എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർമ്മിപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കുകയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.” യഹോവയുടെ കൈ അവിടെ പിന്നെയും എന്‍റെ മേൽ വന്നു; അവിടുന്ന് എന്നോട്: “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക; അവിടെവച്ച് ഞാൻ നിന്നോട് സംസാരിക്കും” എന്നു കല്പിച്ചു. അങ്ങനെ ഞാൻ എഴുന്നേറ്റ് സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു, ഞാൻ കവിണ്ണുവീണു. അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്‍ക്കുമാറാക്കി, എന്നോട് സംസാരിച്ചു: “നീ ചെന്നു നിന്‍റെ വീടിനകത്ത് കതകടച്ചു താമസിക്കുക. എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പോകുവാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ട് കെട്ടും. നീ ഊമനായി അവരെ ശാസിക്കാതെയിരിക്കേണ്ടതിന് ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമാണല്ലോ. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോട്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമാണല്ലോ.”
യെഹെസ്കേൽ 3:12-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു. ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു. ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തുതന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു. ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ: മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം. ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു. അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു. അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക. എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും. നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ. ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോടു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.
യെഹെസ്കേൽ 3:12-27 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു. ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്. അങ്ങനെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി. എന്റെ ആത്മാവ് കയ്‌പും കോപവുംകൊണ്ടു നിറഞ്ഞിരുന്നു; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു. പിന്നെ ഞാൻ കേബാർനദിക്കു സമീപമുള്ള ടെൽ-അവീവിൽ താമസിച്ചിരുന്ന പ്രവാസികളുടെ അടുക്കൽ എത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് ഏഴുദിവസം അതിദുഃഖിതനായി ഞാൻ ഇരുന്നു. ആ ഏഴുദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക. ദുഷ്ടരോട്, ‘നീ തീർച്ചയായും മരിക്കും’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ നീ അവരോടു സംസാരിക്കുകയോ അവരുടെ ജീവൻ രക്ഷിക്കേണ്ടതിന് അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും. എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും. “മാത്രമല്ല, നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽനിന്നു വിട്ടുമാറി തിന്മ പ്രവർത്തിക്കുമ്പോൾ, അവരുടെമുമ്പിൽ ഞാൻ ഒരു പ്രതിബന്ധം വെക്കും, അവർ മരിക്കും; നീ അവർക്കു താക്കീതു നൽകാതിരുന്നതുകൊണ്ട് അവർ അവരുടെ പാപത്തിൽ മരിക്കും; അവർ ചെയ്ത നീതിപ്രവൃത്തികൾ കണക്കിലെടുക്കുകയില്ല. എന്നാൽ അവരുടെ രക്തത്തിനുത്തരവാദി നീ ആയിരിക്കും. എന്നാൽ നീതിനിഷ്ഠർ പാപം ചെയ്യാതിരിക്കേണ്ടതിന് നീ അവർക്കു മുന്നറിയിപ്പു നൽകുകയും അവർ പാപം ചെയ്യാതിരിക്കുകയും ചെയ്താൽ, അവർ ഈ മുന്നറിയിപ്പു സ്വീകരിച്ചതുമൂലം ജീവിക്കും. നീയും നിന്നെത്തന്നെ സംരക്ഷിച്ചിരിക്കുന്നു.” അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു. ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക. എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും. നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ. എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ.