യെഹെ. 3:12-27

യെഹെ. 3:12-27 IRVMAL

അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തു: “യഹോവയുടെ മഹത്വം സ്വസ്ഥാനത്ത് അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്‍റെ പിമ്പിൽ കേട്ടു. ജീവികളുടെ ചിറകുകൾ തമ്മിൽ തട്ടുന്ന ശബ്ദവും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ശബ്ദവും വലിയ മുഴക്കമുള്ള ഒരു ശബ്ദവും ഞാൻ കേട്ടു. ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്‍റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്‍റെ മേൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ കെബാർനദീതീരത്ത് താമസിച്ച തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ വസിച്ചിരുന്ന സ്ഥലത്തുതന്നെ എത്തി, അവരുടെ മദ്ധ്യത്തിൽ ഏഴു ദിവസം സ്തബ്ധനായി താമസിച്ചു. ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ടു എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം. ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർമ്മിപ്പിക്കുകയോ, ദുഷ്ടൻ ജീവരക്ഷ പ്രാപിക്കേണ്ടതിന് അവൻ തന്‍റെ ദുർമ്മാർഗ്ഗം ഉപേക്ഷിക്കുവാൻ അവനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒന്നും പറയുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടൻ തന്‍റെ അകൃത്യത്തിൽ മരിക്കും; അവന്‍റെ രക്തം ഞാൻ നിന്നോട് ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്‍റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്‍റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. അഥവാ, നീതിമാൻ തന്‍റെ നീതി വിട്ടുമാറി നീതികേട് പ്രവർത്തിച്ചിട്ടു ഞാൻ അവന്‍റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർമ്മിപ്പിക്കായ്കകൊണ്ട് അവൻ തന്‍റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന് കണക്കിടുകയുമില്ല; അവന്‍റെ രക്തം ഞാൻ നിന്നോട് ചോദിക്കും. എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർമ്മിപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കുകയാൽ അവൻ ജീവിക്കും; നീയും നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.” യഹോവയുടെ കൈ അവിടെ പിന്നെയും എന്‍റെ മേൽ വന്നു; അവിടുന്ന് എന്നോട്: “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക; അവിടെവച്ച് ഞാൻ നിന്നോട് സംസാരിക്കും” എന്നു കല്പിച്ചു. അങ്ങനെ ഞാൻ എഴുന്നേറ്റ് സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു, ഞാൻ കവിണ്ണുവീണു. അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്‍ക്കുമാറാക്കി, എന്നോട് സംസാരിച്ചു: “നീ ചെന്നു നിന്‍റെ വീടിനകത്ത് കതകടച്ചു താമസിക്കുക. എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പോകുവാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ട് കെട്ടും. നീ ഊമനായി അവരെ ശാസിക്കാതെയിരിക്കേണ്ടതിന് ഞാൻ നിന്‍റെ നാവിനെ നിന്‍റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമാണല്ലോ. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ നിന്‍റെ വായ് തുറക്കും; നീ അവരോട്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമാണല്ലോ.”