പുറപ്പാട് 34:29-35

പുറപ്പാട് 34:29-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ തന്നോട് അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കൈയിൽ പിടിച്ചുകൊണ്ട് സീനായിപർവതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല. അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികളൊക്കെയും അവന്റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോടു സംസാരിച്ചു. അതിന്റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവൻ അവരോട് ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.

പുറപ്പാട് 34:29-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ സീനായ്മലയിൽനിന്നു സാക്ഷ്യത്തിന്റെ ഫലകങ്ങളുമായി ഇറങ്ങി; ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടപ്പോൾ അഹരോനും ഇസ്രായേൽജനവും അദ്ദേഹത്തിന്റെ അടുത്തു ചെല്ലാൻ ഭയപ്പെട്ടു; മോശ അഹരോനെയും ജനനേതാക്കളെയും അടുത്തു വിളിച്ചു; അവരുമായി സംസാരിച്ചു. ഇസ്രായേൽജനം അടുത്തു ചെന്നു; സീനായ്മലയിൽ വച്ചു സർവേശ്വരൻ തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവർക്കു കല്പനകളായി നല്‌കി. അവരോടു സംസാരിച്ചു തീർന്നപ്പോൾ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു; അദ്ദേഹം സർവേശ്വരനോടു സംസാരിക്കാൻ തിരുസന്നിധിയിൽ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്റെ കല്പനകളെപ്പറ്റി ഇസ്രായേൽജനത്തോടു പറയുമായിരുന്നു. അപ്പോഴെല്ലാം അവർ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സർവേശ്വരനോടു സംസാരിക്കാൻ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു.

പുറപ്പാട് 34:29-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെ സാക്ഷ്യത്തിൻ്റെ പലകകൾ രണ്ടും കയ്യിൽ പിടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ, യഹോവ തന്നോട് സംസാരിച്ചതിനാൽ തന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിച്ചു എന്നു അവൻ അറിഞ്ഞില്ല. അഹരോനും യിസ്രായേൽ മക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്‍റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്‍റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോട് സംസാരിച്ചു. അതിന്‍റെശേഷം യിസ്രായേൽ മക്കൾ എല്ലാവരും അവന്‍റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു. മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്‍റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോട് സംസാരിക്കേണ്ടതിന് യഹോവയുടെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽ മക്കളോട് പറയും. യിസ്രായേൽ മക്കൾ മോശെയുടെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടു. അതുകൊണ്ട് മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ അവൻ മൂടുപടം തന്‍റെ മുഖത്ത് ഇട്ടിരുന്നു.

പുറപ്പാട് 34:29-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല. അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു. അതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.

പുറപ്പാട് 34:29-35 സമകാലിക മലയാളവിവർത്തനം (MCV)

മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല. മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു. എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു. അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു. മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു. മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.