പുറപ്പാട് 15:12-18

പുറപ്പാട് 15:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു. ജാതികൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതി പിടിച്ചിരിക്കുന്നു. എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു. ഭയവും ഭീതിയും അവരുടെമേൽ വീണു; നിൻ ഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ. യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.

പുറപ്പാട് 15:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നു വലങ്കൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി. “അവിടുന്നു വീണ്ടെടുത്ത ജനത്തെ അവിടുത്തെ സുസ്ഥിരസ്നേഹത്താലും ശക്തിയാലും നയിച്ച് വിശുദ്ധനിവാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.” ഇതുകേട്ടു ജനതകൾ നടുങ്ങുന്നു; ഫെലിസ്ത്യനിവാസികൾ വിറയ്‍ക്കുന്നു; എദോംപ്രഭുക്കന്മാർ പരിഭ്രാന്തരാകുന്നു; മോവാബ്യജനപ്രമാണികൾ നടുങ്ങുന്നു; കനാൻനിവാസികളുടെ ധൈര്യം ക്ഷയിക്കുന്നു. അവിടുത്തെ ഈ ജനം, സർവേശ്വരാ, അവിടുന്നു വീണ്ടെടുത്ത ജനംതന്നെ കടന്നുപോകുന്നതുവരെ ഭയവും പരിഭ്രാന്തിയും അവരെ ഉലയ്‍ക്കട്ടെ. അവിടുത്തെ കരബലം കണ്ട് അവർ ശിലപോലെ നിശ്ചലരാകട്ടെ. തിരുനിവാസമായി നിർമ്മിച്ച മന്ദിരത്തിലേക്ക്, അവിടുന്നു സ്ഥാപിച്ച വിശുദ്ധമന്ദിരത്തിലേക്കുതന്നെ, അവരെ ആനയിച്ച് അവിടുത്തെ അവകാശമായ പർവതത്തിൽ അവരെ നട്ടുപിടിപ്പിക്കും. സർവേശ്വരൻ എന്നെന്നേക്കും രാജാവായി വാഴും.

പുറപ്പാട് 15:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്‍റെ വിശുദ്ധനിവാസത്തിലേക്ക് നിന്‍റെ ബലത്താൽ അവരെ കൊണ്ടുവന്നു. ജനതകൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു. ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി. നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നെ. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

പുറപ്പാട് 15:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു. ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു. എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു. ഭയവും ഭീതിയും അവരുടെമേൽ വീണു, നിൻഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.

പുറപ്പാട് 15:12-18 സമകാലിക മലയാളവിവർത്തനം (MCV)

“അവിടന്നു വലങ്കൈ നീട്ടുകയും ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു. അവിടന്നു വീണ്ടെടുത്ത ജനത്തെ ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും. അവിടത്തെ വിശുദ്ധനിവാസത്തിലേക്ക് അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും. ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും. ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും, മോവാബിലെ നേതാക്കന്മാർ വിറകൊള്ളും, കനാനിലെ ജനങ്ങൾ ഉരുകിപ്പോകും; ഭീതിയും സംഭ്രമവും അവർക്കുണ്ടാകും. യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ അവിടന്നു വിലകൊടുത്തു വാങ്ങിയ ജനം കടന്നുപോകുന്നതുവരെ, അവിടത്തെ ഭുജബലംനിമിത്തം അവർ കല്ലുപോലെ നിശ്ചലരാകും. യഹോവേ, അവിടന്ന് അവരെ അകത്തുകൊണ്ടുവന്ന് അവിടത്തെ അവകാശമായ പർവതത്തിൽ നട്ടുപിടിപ്പിക്കും. ആ സ്ഥലം, യഹോവേ, അങ്ങേക്കു വസിക്കേണ്ടതിന്, തൃക്കരം സ്ഥാപിച്ചിട്ടുള്ള വിശുദ്ധനിവാസംതന്നെ. “യഹോവ വാഴും എന്നും എന്നേക്കും.”