പുറപ്പാട് 15:12-18

പുറപ്പാട് 15:12-18 MCV

“അവിടന്നു വലങ്കൈ നീട്ടുകയും ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു. അവിടന്നു വീണ്ടെടുത്ത ജനത്തെ ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും. അവിടത്തെ വിശുദ്ധനിവാസത്തിലേക്ക് അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും. ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും. ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും, മോവാബിലെ നേതാക്കന്മാർ വിറകൊള്ളും, കനാനിലെ ജനങ്ങൾ ഉരുകിപ്പോകും; ഭീതിയും സംഭ്രമവും അവർക്കുണ്ടാകും. യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ അവിടന്നു വിലകൊടുത്തു വാങ്ങിയ ജനം കടന്നുപോകുന്നതുവരെ, അവിടത്തെ ഭുജബലംനിമിത്തം അവർ കല്ലുപോലെ നിശ്ചലരാകും. യഹോവേ, അവിടന്ന് അവരെ അകത്തുകൊണ്ടുവന്ന് അവിടത്തെ അവകാശമായ പർവതത്തിൽ നട്ടുപിടിപ്പിക്കും. ആ സ്ഥലം, യഹോവേ, അങ്ങേക്കു വസിക്കേണ്ടതിന്, തൃക്കരം സ്ഥാപിച്ചിട്ടുള്ള വിശുദ്ധനിവാസംതന്നെ. “യഹോവ വാഴും എന്നും എന്നേക്കും.”

പുറപ്പാട് 15:12-18 - നുള്ള വീഡിയോ