എസ്ഥേർ 1:1-12

എസ്ഥേർ 1:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്‍വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നെ - ആ കാലത്ത് അഹശ്വേരോശ്‍രാജാവ് ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു. അന്ന് അവൻ തന്റെ രാജകീയ മഹത്ത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാൾ, നൂറ്റിയെൺപത് ദിവസത്തോളം തന്നെ, കാണിച്ചു. ആ നാളുകൾ കഴിഞ്ഞശേഷം രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു. എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: ആരെയും നിർബന്ധിക്കരുത്; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‍രാജാവിന്റെ രാജധാനിയിൽവച്ചു സ്ത്രീകൾക്ക് ഒരു വിരുന്നു കഴിച്ചു. ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.

പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക

എസ്ഥേർ 1:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശൂശൻരാജധാനിയിലെ സിംഹാസനത്തിൽ ഇരുന്ന് ഇന്ത്യമുതൽ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങൾ അഹശ്വേരോശ്‍രാജാവ് ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചയുടെ മൂന്നാം വർഷം തന്റെ സകല പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കുംവേണ്ടി ഒരു വിരുന്നു കഴിച്ചു. പേർഷ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാരും ദേശാധിപതികളും അതിൽ പങ്കെടുത്തു. അങ്ങനെ നൂറ്റിയെൺപതു ദിവസം തന്റെ രാജകീയ മഹത്ത്വവും പ്രതാപവും സമൃദ്ധിയുമെല്ലാം അദ്ദേഹം പ്രദർശിപ്പിച്ചു. അതിനുശേഷം വലുപ്പചെറുപ്പഭേദംകൂടാതെ, തലസ്ഥാനമായ ശൂശനിലുള്ള സകല ജനങ്ങൾക്കും കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തിൽവച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നടത്തി. അവിടെ മാർബിൾ സ്തംഭങ്ങളിലുള്ള വെള്ളി വളയങ്ങളിൽ ചുവന്നു നേർത്ത ലിനൻനൂലുകൾ പിടിപ്പിച്ചു, പരുത്തിത്തുണികൊണ്ടുള്ള വെള്ളയും നീലയുമായ യവനികകൾ തൂക്കിയിട്ടിരുന്നു. ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള കല്ലുകൾ പാകിയ തളത്തിൽ സ്വർണവും വെള്ളിയുംകൊണ്ടു നിർമ്മിച്ച മഞ്ചങ്ങളും ഉണ്ടായിരുന്നു. സ്വർണപ്പാത്രങ്ങളിലാണ് അവർക്കു പാനീയങ്ങൾ പകർന്നിരുന്നത്. രാജോചിതമായവിധം സമൃദ്ധമായി വീഞ്ഞ് വിളമ്പി. മദ്യപാനത്തിനു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല; ആരെയും അതിനു നിർബന്ധിച്ചിരുന്നുമില്ല. ‘എല്ലാവരും യഥേഷ്ടം കുടിച്ചുകൊള്ളട്ടെ’ എന്നു രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരോടു കല്പിച്ചിരുന്നു. അഹശ്വേരോശ്‍രാജാവിന്റെ കൊട്ടാരത്തിലെ സ്‍ത്രീകൾക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്‌കി. ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ് രാജസേവകരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ധാ, അബഗ്ധാ, സേഥർ, കർക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു: ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയിൽ സുമുഖി ആയിരുന്നു. എന്നാൽ രാജകല്പന അനുസരിച്ചു രാജസന്നിധിയിൽ ചെല്ലാൻ രാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു.

പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക

എസ്ഥേർ 1:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അഹശ്വേരോശ്‌ രാജാവിന്‍റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്‌വരെ നൂറ്റിയിരുപത്തിയേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു. ആ കാലത്ത് അഹശ്വേരോശ്‌ രാജാവ് ശൂശൻ രാജധാനിയിൽ തന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ ഭരണത്തിന്‍റെ മൂന്നാം വർഷം തന്‍റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു. പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും അവന്‍റെ സന്നിധിയിൽ ഉണ്ടായിരുന്നു. അങ്ങനെ അവൻ തന്‍റെ രാജകീയമഹത്വത്തിന്‍റെ ഐശ്വര്യവും, തന്‍റെ മഹിമാധിക്യത്തിന്‍റെ പ്രതാപവും കുറേനാൾ, നൂറ്റിയെൺപത് (180) ദിവസം പ്രദർശിപ്പിച്ചു. ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ചു ഏഴു ദിവസം വിരുന്ന് നൽകി. അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു. എന്നാൽ രാജാവ് തന്‍റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടംപോലെ കുടിച്ചു. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്‍റെ രാജധാനിയിൽ വച്ചു സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി. ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ്‌ രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്‍റെ കോപം അവന്‍റെ ഉള്ളിൽ ജ്വലിച്ചു.

പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക

എസ്ഥേർ 1:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അഹശ്വേരോശിന്റെ കാലത്തു - ഹിന്തുദേശംമുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ - ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു. അന്നു അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയ നാൾ, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു. ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ലു പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു. എന്നാൽ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിർബ്ബന്ധിക്കരുതു; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു. ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‌രാജാവു: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. എന്നാൽ ഷണ്ഡന്മാർമുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.

പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക

എസ്ഥേർ 1:1-12 സമകാലിക മലയാളവിവർത്തനം (MCV)

ഇന്ത്യമുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു: ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ് തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു. അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു. ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി. ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു. വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി. രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു. അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി. ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്, “വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.

പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക