എസ്ഥേർ 1:1-12

എസ്ഥേർ 1:1-12 വേദപുസ്തകം

അഹശ്വേരോശിന്റെ കാലത്തു - ഹിന്തുദേശംമുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ - ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു. അന്നു അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയ നാൾ, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു. ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ലു പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു. എന്നാൽ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിർബ്ബന്ധിക്കരുതു; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു. ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‌രാജാവു: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. എന്നാൽ ഷണ്ഡന്മാർമുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.

എസ്ഥേർ 1 വായിക്കുക