എഫെസ്യർ 3:4-11

എഫെസ്യർ 3:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം. ആ മർമം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവകാലങ്ങളിൽ മനുഷ്യർക്ക് അറിയായ് വന്നിരുന്നില്ല. അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ. ആ സുവിശേഷത്തിനു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞുകിടന്ന മർമത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. അങ്ങനെ ഇപ്പോൾ സ്വർഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണയപ്രകാരം സഭ മുഖാന്തരം അറിയായ്‍വരുന്നു.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ എഴുതിയത് നിങ്ങൾ വായിക്കുമെങ്കിൽ ക്രിസ്തുവിൽ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്റെ അറിവ് നിങ്ങൾക്കു ഗ്രഹിക്കാം. കഴിഞ്ഞ കാലത്ത് ഈ മർമ്മം മനുഷ്യവർഗത്തെ അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാർക്കും പ്രവാചകന്മാർക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു. സുവിശേഷം മുഖേന ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ വിജാതീയർക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്റെ അവയവങ്ങളാണവർ. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തിൽ അവർക്ക് ഓഹരിയുമുണ്ട്. തന്റെ ശക്തിയുടെ വ്യാപാരത്തിലൂടെ ദൈവം എനിക്കു നല്‌കിയ പ്രത്യേക വരദാനത്താലാണ് ഞാൻ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനാക്കപ്പെട്ടത്. ദൈവത്തിന്റെ ജനങ്ങളിൽ ഏറ്റവും എളിയവരിൽ എളിയവനാണു ഞാൻ. എന്നിട്ടും ക്രിസ്തുവിന്റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാർത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവർത്തികമാക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവം പൂർവയുഗങ്ങളിൽ ഈ രഹസ്യം മറച്ചുവച്ചിരുന്നു. സ്വർഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്റെ നാനാവശങ്ങൾ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം. ആ മർമ്മം ഇപ്പോൾ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല. ആ മർമ്മം എന്നതോ ജനതകൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളത് തന്നെ. ആ സുവിശേഷത്തിന് ഞാൻ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്‍റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിൻ്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. അതിന്‍റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം. ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‌വന്നിരുന്നില്ല. അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ. ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:4-11 സമകാലിക മലയാളവിവർത്തനം (MCV)

ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും. ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം. ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു. ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക