എഫെ. 3:4-11

എഫെ. 3:4-11 IRVMAL

നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം. ആ മർമ്മം ഇപ്പോൾ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല. ആ മർമ്മം എന്നതോ ജനതകൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളത് തന്നെ. ആ സുവിശേഷത്തിന് ഞാൻ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്‍റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിൻ്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. അതിന്‍റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു.