ആവർത്തനപുസ്തകം 5:1-11

ആവർത്തനപുസ്തകം 5:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ എല്ലാ യിസ്രായേലിനോടും വിളിച്ചുപറഞ്ഞത് എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ. നമ്മുടെ ദൈവമായ യഹോവ ഹോറേബിൽവച്ചു നമ്മോടൊരു നിയമം ചെയ്തുവല്ലോ. ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ഇവിടെ ജീവനോടിരിക്കുന്ന നമ്മോടൊക്കെയും തന്നെ ചെയ്തത്. യഹോവ പർവതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു. തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിനു ഞാൻ അക്കാലത്തു യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

ആവർത്തനപുസ്തകം 5:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശ ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേല്യരേ, ഞാൻ ഇന്നു നല്‌കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധിക്കുക; അവ പഠിച്ചുറപ്പിച്ച് ശ്രദ്ധാപൂർവം പാലിക്കുക. സീനായ്മലയിൽവച്ചു നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് ഒരു ഉടമ്പടി ചെയ്തു. നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോടുതന്നെയാണ് അവിടുന്നു ഉടമ്പടി ചെയ്തത്. പർവതത്തിൽവച്ച്, അഗ്നിയുടെ നടുവിൽ നിന്നുകൊണ്ട് സർവേശ്വരൻ നിങ്ങൾക്ക് അഭിമുഖമായി സംസാരിച്ചു. അഗ്നിയെ ഭയന്ന് നിങ്ങൾ പർവതത്തിൽ കയറിയില്ല. അതുകൊണ്ട് സർവേശ്വരൻ പറഞ്ഞതു നിങ്ങളെ അറിയിക്കാൻ ഞാൻ സർവേശ്വരനും നിങ്ങൾക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു: “അടിമവീടായ ഈജിപ്തിൽനിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനായ ഞാൻ നിന്റെ ദൈവമാകുന്നു. “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്; നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ അരുത്. നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു; ഞാൻ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാൻ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാൻ കാരുണ്യം കാട്ടും.” “നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാൻ ശിക്ഷിക്കാതെ വിടുകയില്ല.

ആവർത്തനപുസ്തകം 5:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെ യിസ്രായേൽ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “യിസ്രായേലേ, ഞാൻ ഇന്ന് നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും ശ്രദ്ധിച്ച് പഠിക്കുകയും അവ പ്രമാണിച്ച് നടക്കുകയും ചെയ്യുവിൻ. നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ. ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ജീവനോടിരിക്കുന്ന നമ്മോടത്രേ ചെയ്തത്. യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു. അഗ്നി ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ: ‘അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്; നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകക്കുന്നവരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെയുള്ള മക്കളുടെമേൽ കണക്കിടുകയും എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

ആവർത്തനപുസ്തകം 5:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‌വിൻ. നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ. ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു. യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു. തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

ആവർത്തനപുസ്തകം 5:1-11 സമകാലിക മലയാളവിവർത്തനം (MCV)

മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ച് ഇപ്രകാരം പറഞ്ഞു: ഇസ്രായേലേ, കേൾക്കുക, ഇന്നു ഞാൻ നിങ്ങൾ കേൾക്കുംവിധം നിങ്ങളോടു കൽപ്പിക്കുന്ന ഉത്തരവുകളും നിയമങ്ങളും പഠിക്കുകയും അവ നിശ്ചയമായും പാലിക്കുകയുംവേണം. നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു. യഹോവ ഈ ഉടമ്പടി നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മോടെല്ലാവരോടുമാണു ചെയ്തത്. യഹോവ പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടഭിമുഖമായി സംസാരിച്ചു. തീ നിമിത്തം നിങ്ങൾ ഭയന്ന് പർവതത്തിൽ കയറാത്തതുകൊണ്ട് യഹോവയുടെ വചനം നിങ്ങളെ അറിയിക്കേണ്ടതിനു ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മധ്യസ്ഥനായി നിന്നു. അവിടന്ന് ഇപ്രകാരം കൽപ്പിച്ചു: “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്. നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാൽ, എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും. നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.