ആവർ. 5
5
പത്തു കല്പനകൾ
1മോശെ യിസ്രായേൽ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്:
“യിസ്രായേലേ, ഞാൻ ഇന്ന് നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും ശ്രദ്ധിച്ച് പഠിക്കുകയും അവ പ്രമാണിച്ച് നടക്കുകയും ചെയ്യുവിൻ. 2നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ. 3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ജീവനോടിരിക്കുന്ന നമ്മോടത്രേ ചെയ്തത്. 4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു. 5അഗ്നി ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ:
6‘അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു.
7ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്.
8വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമ അരുത്. 9അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്; നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകക്കുന്നവരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെയുള്ള മക്കളുടെമേൽ കണക്കിടുകയും 10എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
11നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
12നിന്‍റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ച് ആചരിക്കുക. 13ആറുദിവസം അദ്ധ്വാനിച്ച് നിന്‍റെ വേല ഒക്കെയും ചെയ്യുക. 14ഏഴാം ദിവസമോ നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്‍റെ മകനും മകളും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കാളയും കഴുതയും നിനക്കുള്ള എല്ലാ നാല്ക്കാലികളും നിന്‍റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതാകുന്നു. 15നീ മിസ്രയീം ദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്കുക; അതുകൊണ്ടാകുന്നു ശബ്ബത്തുനാൾ ആചരിക്കുവാൻ നിന്‍റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചത്.
16നിനക്കു ദീർഘായുസ്സ് ഉണ്ടാകുവാനും നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു നന്നായിരിക്കുവാനും നിന്‍റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
17കൊല ചെയ്യരുത്.
18വ്യഭിചാരം ചെയ്യരുത്.
19മോഷ്ടിക്കരുത്.
20കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.
21കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭവനത്തെയും നിലത്തെയും അവന്‍റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.’
22ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ അഗ്നി, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്ന് നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകകളിൽ എഴുതി എന്‍റെ പക്കൽ തന്നു. 23എന്നാൽ പർവ്വതത്തിൽ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുമ്പോൾ, അന്ധകാരത്തിൻ്റെ നടുവിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്‍റെ അടുക്കൽവന്ന് പറഞ്ഞത്: 24‘ഞങ്ങളുടെ ദൈവമായ യഹോവ തന്‍റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്‍റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോട് സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്ന് ഞങ്ങൾ ഇന്ന് കണ്ടുമിരിക്കുന്നു. 25ആകയാൽ ഞങ്ങൾ എന്തിന് മരിക്കുന്നു? ഈ മഹത്തായ അഗ്നിക്ക് ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും. 26ഞങ്ങളെപ്പോലെ മറ്റാരെങ്കിലും അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടു ജീവനോടുകൂടി ഇരുന്നിട്ടുണ്ടോ? 27നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് സകലവും കേൾക്കുക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നത് ഞങ്ങളോട് പറയുക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.’
28നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ലകാര്യം. 29അവരും അവരുടെ മക്കളും എന്നേക്കും ശുഭമായിരിക്കുവാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്‍റെ കല്പനകൾ സകലവും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. 30നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്നു അവരോട് പറയുക. 31നീയോ ഇവിടെ എന്‍റെ അടുക്കൽ നില്ക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടക്കുവാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.’ 32ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കല്പിച്ചതുപോലെ ചെയ്യുവാൻ ജാഗ്രത കാണിക്കുക; ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 33നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടന്നുകൊള്ളുവിൻ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.