ദാനീയേൽ 6:21-28
ദാനീയേൽ 6:21-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാനീയേൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായ് അടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്ന് ഉണർത്തിച്ചു. അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുംമുമ്പേ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‍രാജാവ് സർവഭൂമിയിലും വസിക്കുന്ന സകല വംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 6:21-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ദാനിയേൽ: “അല്ലയോ രാജാവേ, അങ്ങു നീണാൾ വാഴട്ടെ. എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പിൽ ഞാൻ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.” അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയിൽനിന്നു പുറത്തുകൊണ്ടുവരാൻ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേൽ തന്റെ ദൈവത്തിൽ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറൽപോലും ഏറ്റതായി കണ്ടില്ല. ദാനിയേലിന്റെമേൽ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാൻ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയിൽ എറിഞ്ഞു. അവർ അടിയിൽ എത്തുന്നതിനു മുമ്പ് സിംഹങ്ങൾ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികൾ തകർത്തു. ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ! എന്റെ ആധിപത്യത്തിലുൾപ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പിൽ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീർപ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു. അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽനിന്നു രക്ഷിച്ചിരിക്കുന്നു.” ദാര്യാവേശിന്റെയും പേർഷ്യൻരാജാവായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.
ദാനീയേൽ 6:21-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാനീയേൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്ക് കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായടച്ചുകളഞ്ഞു; അവന്‍റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല” എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു; ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. എന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹത്തിന്‍റെ വായിൽനിന്ന് രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.
ദാനീയേൽ 6:21-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 6:21-28 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല. അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു: “നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു. “കാരണം, അവിടന്നാണ് ജീവനുള്ള ദൈവം അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു; അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ, അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും. അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു; അവിടന്ന് ആകാശത്തിലും ഭൂമിയിലും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.” അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു.