ദാനീയേൽ 6:21-28

ദാനീയേൽ 6:21-28 MCV

അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല. അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു: “നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു. “കാരണം, അവിടന്നാണ് ജീവനുള്ള ദൈവം അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു; അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ, അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും. അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു; അവിടന്ന് ആകാശത്തിലും ഭൂമിയിലും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.” അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു.