ദാനീയേൽ 1:8-20

ദാനീയേൽ 1:8-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ച്, തനിക്ക് അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോട് അപേക്ഷിച്ചു. ദൈവം ദാനീയേലിനു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോട്: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോട് ഒത്തുനോക്കിയാൽ മെലിഞ്ഞു കാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലയ്ക്ക് അപകടം വരുത്തും എന്നു പറഞ്ഞു. ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട്: അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചു നോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർഥവും കുടിപ്പാൻ പച്ചവെള്ളവും തന്നുനോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തുനോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്‍ടിയുള്ളവരും എന്നു കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർഥം കൊടുത്തു. ഈ നാലു ബാലന്മാർക്കോ ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർഥ്യവും കൊടുത്തു; ദാനീയേൽ സകല ദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവ് അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വച്ച് ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്കു നിന്നു. രാജാവ് അവരോടു ജ്ഞാനവിവേക സംബന്ധമായി ചോദിച്ചതിലൊക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:8-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താൻ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ താൻ മലിനനാകാതിരിക്കാൻ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേൽ അപേക്ഷിച്ചു. അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി. എങ്കിലും അയാൾ ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങൾ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാൾ നിങ്ങൾ ക്ഷീണിതരായി രാജാവ് കണ്ടാൽ എന്റെ ജീവൻ അപകടത്തിലാകും.” ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവരുടെ മേൽനോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേൽ പറഞ്ഞു: “ഞങ്ങൾക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും; അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങൾ കഴിക്കുന്ന യുവാക്കളെയും തമ്മിൽ ഒത്തുനോക്കുക. അതിൻപ്രകാരം ഞങ്ങളോടു പെരുമാറുക.” ദാനിയേലിന്റെ അപേക്ഷ അയാൾ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു. പത്തുദിവസം കഴിഞ്ഞപ്പോൾ അവർ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു. അതിനാൽ അയാൾ ആ യെഹൂദായുവാക്കൾക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു. ദൈവം ഈ നാലു ചെറുപ്പക്കാർക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്‌കി. ദാനിയേലിന് ഏതു ദർശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു. രാജാവ് കല്പിച്ചിരുന്ന കാലം പൂർത്തിയായപ്പോൾ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസർരാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവ് അവരോടു സംസാരിച്ചു. ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവർ രാജസേവകരായിത്തീർന്നു. അവരോടുള്ള സംഭാഷണത്തിൽനിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാൾ പത്തിരട്ടി മെച്ചപ്പെട്ടവരാണവർ എന്നു രാജാവിനു ബോധ്യമായി.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:8-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ രാജാവിന്‍റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്കു അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു. ദൈവം ദാനീയേലിന് ഷണ്ഡാധിപന്‍റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്‍റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്‍റെ തല അപകടത്തിലാക്കും” എന്നു പറഞ്ഞു. ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ: “അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ. അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു, പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു. ഈ നാലു ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്‍റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു. രാജാവ് അവരോട് ജ്ഞാനവും വിവേകവും സംബന്ധിച്ച് ചോദിച്ചതിൽ എല്ലാം അവർ തന്‍റെ രാജ്യത്തുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:8-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു. ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു. ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു: അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു. ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു. രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:8-20 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു— ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി— എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു. എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു. “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും. പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.” അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി. പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു. അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി. ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു. അവരെ രാജസന്നിധിയിൽ കൊണ്ടുചെല്ലാൻ രാജാവു നിശ്ചയിച്ചിരുന്ന കാലാവധി ആയപ്പോൾ, ഉദ്യോഗസ്ഥമേധാവി അവരെ നെബൂഖദ്നേസരിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു. രാജാവ് അവരോടു ചോദിച്ച എല്ലാ ജ്ഞാനവിജ്ഞാനങ്ങളിലും അവർ തന്റെ രാജ്യത്തെങ്ങുമുള്ള ആഭിചാരകരിലും മാന്ത്രികരിലും പതിന്മടങ്ങു മെച്ചമുള്ളവരെന്ന് അദ്ദേഹത്തിനു ബോധ്യമായി.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക