DANIELA 1:8-20

DANIELA 1:8-20 MALCLBSI

രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താൻ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ താൻ മലിനനാകാതിരിക്കാൻ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേൽ അപേക്ഷിച്ചു. അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി. എങ്കിലും അയാൾ ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങൾ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാൾ നിങ്ങൾ ക്ഷീണിതരായി രാജാവ് കണ്ടാൽ എന്റെ ജീവൻ അപകടത്തിലാകും.” ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവരുടെ മേൽനോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേൽ പറഞ്ഞു: “ഞങ്ങൾക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും; അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങൾ കഴിക്കുന്ന യുവാക്കളെയും തമ്മിൽ ഒത്തുനോക്കുക. അതിൻപ്രകാരം ഞങ്ങളോടു പെരുമാറുക.” ദാനിയേലിന്റെ അപേക്ഷ അയാൾ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു. പത്തുദിവസം കഴിഞ്ഞപ്പോൾ അവർ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു. അതിനാൽ അയാൾ ആ യെഹൂദായുവാക്കൾക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു. ദൈവം ഈ നാലു ചെറുപ്പക്കാർക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്‌കി. ദാനിയേലിന് ഏതു ദർശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു. രാജാവ് കല്പിച്ചിരുന്ന കാലം പൂർത്തിയായപ്പോൾ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസർരാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവ് അവരോടു സംസാരിച്ചു. ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവർ രാജസേവകരായിത്തീർന്നു. അവരോടുള്ള സംഭാഷണത്തിൽനിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാൾ പത്തിരട്ടി മെച്ചപ്പെട്ടവരാണവർ എന്നു രാജാവിനു ബോധ്യമായി.

DANIELA 1 വായിക്കുക