ആമോസ് 3:1-10
ആമോസ് 3:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സർവവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾപ്പിൻ! ഭൂമിയിലെ സകല വംശങ്ങളിലുംവച്ച് ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും. രണ്ടു പേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് ഒച്ച പുറപ്പെടുവിക്കുമോ? കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തിയിട്ടല്ലാതെ നഗരത്തിൽ അനർഥം ഭവിക്കുമോ? യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. സിംഹം ഗർജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും? ശമര്യാപർവതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്ന് അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ! തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.
ആമോസ് 3:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേല്യരേ, ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരൻ നിങ്ങൾക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിൻ: “ഭൂമിയിലെ സകല വംശങ്ങളിൽനിന്ന് നിങ്ങളെ മാത്രം ഞാൻ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങൾക്കെല്ലാം ഞാൻ നിങ്ങളെ ശിക്ഷിക്കും. മുൻകൂട്ടി സമ്മതിക്കാതെ രണ്ടുപേർ ഒന്നിച്ചു നടക്കുമോ? ഇരകിട്ടാതെ സിംഹം വനത്തിൽ ഗർജിക്കുമോ? യുവസിംഹം വൃഥാ ഗുഹയിൽനിന്നു ശബ്ദം പുറപ്പെടുവിക്കുമോ? വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ? സർവേശ്വരൻ അയയ്‍ക്കാതെ പട്ടണത്തിന് അനർഥം ഭവിക്കുമോ? തന്റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സർവേശ്വരൻ എന്തെങ്കിലും പ്രവർത്തിക്കുമോ? സിംഹം ഗർജിച്ചാൽ ആർ ഭയപ്പെടാതിരിക്കും? സർവേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോൾ പ്രവാചകൻ മൗനം പാലിക്കുമോ? ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളിൽ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധർമവും പീഡനങ്ങളും കാണുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവരുടെ നഗരങ്ങളിൽ പെരുത്ത അക്രമവും കവർച്ചയും നടക്കുന്നു. ധർമം അനുഷ്ഠിക്കാൻ അവർക്ക് അറിഞ്ഞുകൂടാ.
ആമോസ് 3:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ! ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം നിങ്ങളെ സന്ദർശിക്കും. രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ? കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ? നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല. സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും? “ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! “തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
ആമോസ് 3:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾപ്പിൻ! ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും. രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ? കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ? നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും? ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ! തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
ആമോസ് 3:1-10 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക: “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും ഞാൻ നിന്നെ ശിക്ഷിക്കും.” തമ്മിൽ യോജിച്ചിട്ടല്ലാതെ, രണ്ടുപേർ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നും പിടിക്കാതിരിക്കുമ്പോൾ അതു ഗുഹയിൽ മുരളുമോ? കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ വീഴുമോ? എന്തെങ്കിലും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ? തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല. സിംഹം ഗർജിച്ചിരിക്കുന്നു, ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, ആര് പ്രവചിക്കാതിരിക്കും? അശ്ദോദിലെയും ഈജിപ്റ്റിലെയും കോട്ടകളിൽ വിളംബരംചെയ്യുക: “ശമര്യാപർവതങ്ങളിൽ കൂടിവരിക; അവളുടെ വലിയ അസ്വസ്ഥതയും അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക. “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.