ആമോസ് 2:6-16

ആമോസ് 2:6-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ട് ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാൺമാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു; എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏതു ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കയും ചെയ്യുന്നു. ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു. ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽക്കൂടി നടത്തി. ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോട്: പ്രവചിക്കരുത് എന്ന് കല്പിക്കയും ചെയ്തു. കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല; വില്ലാളി ഉറച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല. വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാട്.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:6-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ നിർദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവർ എളിയവരെ ചവുട്ടിമെതിക്കുന്നു; അവർ പീഡിതർക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു. പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവർ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തിൽവച്ച് കുടിക്കുന്നു. ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു; നാല്പതു വർഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങൾക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാൻ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാൻ നശിപ്പിച്ചു. ഇസ്രായേൽജനമേ, പറയൂ, ഞാൻ നിങ്ങളിൽനിന്നു പ്രവാചകരെയും നാസീർവ്രതസ്ഥരെയും ഉയർത്തിയില്ലേ? എന്നിട്ടും നിങ്ങൾ അവരോട് എന്തു ചെയ്തു? നാസീർവ്രതസ്ഥരെ നിങ്ങൾ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങൾ വിലക്കിയില്ലേ? കറ്റ നിറച്ച വണ്ടി മണ്ണിലമരുമ്പോലെ നിങ്ങളെ ഞാൻ അമർത്തിക്കളയും. നിങ്ങളുടെ യുദ്ധവീരന്മാർ രക്ഷപെടുകയില്ല. അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും. വില്ലാളിവീരൻ ഉറച്ചു നില്‌ക്കയില്ല. വേഗത്തിൽ ഓടുന്നവൻ രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്റെ ജീവൻ രക്ഷിക്കാനാവില്ല. ധീരനായ യോദ്ധാവുപോലും ആ ദിവസം ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യും. ഇതു സർവേശ്വരന്റെ വചനം.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:6-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്‍റെ അപ്പനും ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏത് ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു. ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു; അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്‍റെ ഫലവും താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു. ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, അമോര്യന്‍റെ ദേശം കൈവശമാക്കേണ്ടതിന് നിങ്ങളെ നാല്പത് വര്‍ഷം മരുഭൂമിയിൽക്കൂടി നടത്തി. ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽ മക്കളേ,” എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും പ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു. കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; ബലവാന്‍റെ ശക്തി നിലനില്‍ക്കുകയില്ല; വീരൻ തന്‍റെ ജീവനെ രക്ഷിക്കുകയില്ല; വില്ലാളി ഉറച്ചുനിൽക്കുകയില്ല; വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, കുതിരപ്പുറത്തു കയറി ഓടുന്നവൻ തന്‍റെ ജീവനെ രക്ഷിക്കുകയുമില്ല. വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:6-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു. ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു. ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽകൂടി നടത്തി. ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു. കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും. അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല; വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല. വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:6-16 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു. ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു. അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, അവൻ ദേവദാരുപോലെ പൊക്കമുള്ളവരും കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. മുകളിലുള്ള അവരുടെ ഫലത്തെയും താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു. അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി. “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും ഞാൻ എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു. “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല. വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല. ഏറ്റവും ധീരന്മാരായ പടയാളികൾപോലും ആ ദിവസം നഗ്നരായി ഓടിപ്പോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക