യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു. ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു. അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, അവൻ ദേവദാരുപോലെ പൊക്കമുള്ളവരും കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. മുകളിലുള്ള അവരുടെ ഫലത്തെയും താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു. അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി. “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും ഞാൻ എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു. “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല. വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല. ഏറ്റവും ധീരന്മാരായ പടയാളികൾപോലും ആ ദിവസം നഗ്നരായി ഓടിപ്പോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ആമോസ് 2 വായിക്കുക
കേൾക്കുക ആമോസ് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആമോസ് 2:6-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ