അപ്പൊ. പ്രവൃത്തികൾ 16:24-33

അപ്പൊ. പ്രവൃത്തികൾ 16:24-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. അർധരാത്രിക്കു പൗലൊസും ശീലാസും പ്രാർഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. കാരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പൊയ്ക്കളഞ്ഞു എന്ന് ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: നിനക്ക് ഒരു ദോഷവും ചെയ്യരുത്; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അവൻ വെളിച്ചം ചോദിച്ച് അകത്തേക്കു ചാടി വിറച്ചുംകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു. അവരെ പുറത്തു കൊണ്ടുവന്ന്: യജമാനന്മാരേ, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽതന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

അപ്പൊ. പ്രവൃത്തികൾ 16:24-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്റെ ഉൾമുറിയിലടച്ചു. പൗലൊസും ശീലാസും അർധരാത്രിയിൽ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാർഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാർ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു. ജയിലധികാരി ഉണർന്നപ്പോൾ ജയിൽ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാർ ഓടിപ്പോയിരിക്കുമെന്നു കരുതി അയാൾ വാളെടുത്ത് ആത്മഹത്യ ചെയ്യുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.” വിളക്കു കൊണ്ടുവരുവാൻ അയാൾ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാൾ പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു വണങ്ങി. പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാൾ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?” അവർ പ്രതിവചിച്ചു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; എന്നാൽ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.” അവർ കർത്താവിന്റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. രാത്രിയുടെ ആ നിമിഷത്തിൽതന്നെ അയാൾ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു.

അപ്പൊ. പ്രവൃത്തികൾ 16:24-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ തടികൾകൊണ്ടുള്ള ആമത്തിൽ ഇട്ടു പൂട്ടി. അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു. കാരാഗൃഹപ്രമാണി ഉറക്കം ഉണർന്ന് കാരാഗൃഹത്തിന്‍റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ട് തടവുകാർ രക്ഷപെട്ടിരിക്കും എന്നു ചിന്തിച്ച് വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: “നിനക്കു ഒരു ദോഷവും ചെയ്യരുത്, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അവൻ വെളിച്ചം ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുകൊണ്ട് പൗലൊസിൻ്റെയും ശീലാസിൻ്റെയും മുമ്പിൽ വീണു. അവരെ പുറത്ത് കൊണ്ടുവന്ന്: “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്‍റെ വചനം അവനോടും അവന്‍റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽത്തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും വേഗത്തിൽ സ്നാനം ഏറ്റു.

അപ്പൊ. പ്രവൃത്തികൾ 16:24-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു. അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

അപ്പൊ. പ്രവൃത്തികൾ 16:24-33 സമകാലിക മലയാളവിവർത്തനം (MCV)

ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു. അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു. ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു. അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു. അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു. പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു.