അപ്പൊ.പ്രവൃത്തികൾ 16:24-33

അപ്പൊ.പ്രവൃത്തികൾ 16:24-33 MCV

ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു. അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു. ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു. അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു. അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു. പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു.