അപ്പൊ. പ്രവൃത്തികൾ 10:13-31 - Compare All Versions

അപ്പൊ. പ്രവൃത്തികൾ 10:13-31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി. അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. ഈ കണ്ട ദർശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: പത്രൊസ് എന്നു മറുപേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻതന്നെ; നിങ്ങൾ വന്ന സംഗതി എന്ത് എന്നു ചോദിച്ചു. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു. അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന് കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേട്ടു നിന്റെ ധർമം ഓർത്തിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 10:13-31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു. എന്നാൽ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കർത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.” രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.” ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. ഈ ദർശനത്തിന്റെ അർഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച ആളുകൾ ശിമോൻ പാർക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി. “പത്രോസ് എന്നു പേരുള്ള ശിമോൻ ഇവിടെയാണോ പാർക്കുന്നത്?” എന്ന് അവർ ചോദിച്ചു. പത്രോസ് ആ സമയത്തും ദർശനത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോൾ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേർ നിന്നെ അന്വേഷിക്കുന്നു; താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാൻ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.” പത്രോസ് അവരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആൾ; നിങ്ങൾ എന്തിനാണു വന്നത്?” എന്നു ചോദിച്ചു. അവർ പറഞ്ഞു: “കൊർന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകൾ കേൾക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.” പത്രോസ് അവരെ തന്റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടിൽ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോൾ അവിടെ ഒട്ടേറെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവർഗക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവരെ സന്ദർശിക്കുന്നതും യെഹൂദന്മാർക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആളയച്ചപ്പോൾ യാതൊരു എതിരും പറയാതെ ഞാൻ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോൾ കൊർന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാൻ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാർഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുമ്പിൽ നില്‌ക്കുന്നതായി ഞാൻ കണ്ടു. ‘കൊർന്നല്യോസേ, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ ദാനധർമങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു

അപ്പൊ. പ്രവൃത്തികൾ 10:13-31 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്നു ഒരു ശബ്ദം ഉണ്ടായി. അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.” ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു. ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു. ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നൊല്യോസ് അയച്ച പുരുഷന്മാർ ശിമോന്‍റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു: പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ? എന്നു വിളിച്ചുചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്?” എന്നു ചോദിച്ചു. അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നൊല്യോസ് എന്ന ശതാധിപൻ നിന്നെ വീട്ടിൽ വരുത്തി നിന്‍റെ സന്ദേശം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി. പത്രൊസ് അവനോട് “എഴുന്നേല്ക്കൂ, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു, അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ടു. അവനോട്: “അന്യജാതിക്കാരന്‍റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്നു അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു. അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്‍റെ മുമ്പിൽനിന്നു: ‘കൊർന്നൊല്യോസേ ദൈവം നിന്‍റെ പ്രാർത്ഥന കേട്ടു, എളിയവരോടുളള നിന്‍റെ ദാനധർമ്മം ഓർത്തിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 10:13-31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു. അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു, അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 10:13-31 MCV (സമകാലിക മലയാളവിവർത്തനം)

ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.” “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു. “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു. എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി. “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു. പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?” “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു. പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു. കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?” കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു.