പ്രവൃത്തികൾ 10:13-31
പ്രവൃത്തികൾ 10:13-31 IRVMAL
“പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്നു ഒരു ശബ്ദം ഉണ്ടായി. അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.” ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു. ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു. ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നൊല്യോസ് അയച്ച പുരുഷന്മാർ ശിമോന്‍റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു: പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ? എന്നു വിളിച്ചുചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്?” എന്നു ചോദിച്ചു. അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നൊല്യോസ് എന്ന ശതാധിപൻ നിന്നെ വീട്ടിൽ വരുത്തി നിന്‍റെ സന്ദേശം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി. പത്രൊസ് അവനോട് “എഴുന്നേല്ക്കൂ, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു, അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ടു. അവനോട്: “അന്യജാതിക്കാരന്‍റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്നു അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു. അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്‍റെ മുമ്പിൽനിന്നു: ‘കൊർന്നൊല്യോസേ ദൈവം നിന്‍റെ പ്രാർത്ഥന കേട്ടു, എളിയവരോടുളള നിന്‍റെ ദാനധർമ്മം ഓർത്തിരിക്കുന്നു.

