അപ്പൊ. പ്രവൃത്തികൾ 1:9-14
അപ്പൊ. പ്രവൃത്തികൾ 1:9-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു. അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത്ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബർത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർഥന കഴിച്ചുപോന്നു.
അപ്പൊ. പ്രവൃത്തികൾ 1:9-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇപ്രകാരം അരുൾചെയ്തശേഷം അവർ നോക്കി നില്‌ക്കുമ്പോൾത്തന്നെ, യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയിൽനിന്നു മറയ്‍ക്കുകയും ചെയ്തു. യേശു സ്വർഗാരോഹണം ചെയ്യുന്നത് അവർ നിർന്നിമേഷരായി നോക്കി നില്‌ക്കുമ്പോൾ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാർ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു: “അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വർഗത്തിലേക്കു പോകുന്നതു നിങ്ങൾ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും. അനന്തരം അവർ ഒലിവുമലയിൽനിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങൾ തമ്മിൽ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ. അവിടെ എത്തിയ ഉടനെ, തങ്ങൾ പാർത്തിരുന്ന മാളികമുറിയിലേക്ക് അവർ കയറിപ്പോയി. അപ്പോസ്തോലന്മാർ - പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബർതൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. യേശുവിന്റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടും ചേർന്ന് അവർ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാർഥിച്ചു പോന്നു.
അപ്പൊ. പ്രവൃത്തികൾ 1:9-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കര്‍ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്: “അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്നു പറഞ്ഞു. അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്തുകൊണ്ടിരുന്ന മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
അപ്പൊ. പ്രവൃത്തികൾ 1:9-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു. അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.
അപ്പൊ. പ്രവൃത്തികൾ 1:9-14 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു. ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു! “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു. ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി. തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ: പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്; ഫിലിപ്പൊസ്, തോമസ്; ബർത്തൊലൊമായി, മത്തായി; അല്‌ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാ. അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.