TIRHKOHTE 1:9-14
TIRHKOHTE 1:9-14 MALCLBSI
ഇപ്രകാരം അരുൾചെയ്തശേഷം അവർ നോക്കി നില്‌ക്കുമ്പോൾത്തന്നെ, യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയിൽനിന്നു മറയ്‍ക്കുകയും ചെയ്തു. യേശു സ്വർഗാരോഹണം ചെയ്യുന്നത് അവർ നിർന്നിമേഷരായി നോക്കി നില്‌ക്കുമ്പോൾ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാർ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു: “അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വർഗത്തിലേക്കു പോകുന്നതു നിങ്ങൾ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും. അനന്തരം അവർ ഒലിവുമലയിൽനിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങൾ തമ്മിൽ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ. അവിടെ എത്തിയ ഉടനെ, തങ്ങൾ പാർത്തിരുന്ന മാളികമുറിയിലേക്ക് അവർ കയറിപ്പോയി. അപ്പോസ്തോലന്മാർ - പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബർതൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. യേശുവിന്റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടും ചേർന്ന് അവർ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാർഥിച്ചു പോന്നു.

