2 തെസ്സലൊനീക്യർ 3:6-18
2 തെസ്സലൊനീക്യർ 3:6-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ. എങ്കിലും ശത്രു എന്ന് വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്. സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. പൗലൊസായ എന്റെ കൈയാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നെ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:6-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങൾ നല്‌കിയ പ്രബോധനങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനിൽനിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. ഞങ്ങൾ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ അലസരായിരുന്നില്ല. ആരിൽനിന്നും ഞങ്ങൾ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങൾ കഠിനമായി അധ്വാനിച്ചു. ഞങ്ങൾ ആർക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു. നിങ്ങളുടെ സഹായം ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങൾ അനുകരിക്കത്തക്കവിധം നിങ്ങൾക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്. ജോലി ചെയ്യുവാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഞങ്ങൾ നല്‌കിയിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേൾക്കുന്നതുകൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത്. അവർ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂർവം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. സഹോദരരേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ തളർന്നുപോകരുത്. ഈ കത്തിലെ നിർദേശം അനുസരിക്കാത്തവർ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയിൽ വയ്‍ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേർപ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക. എന്നാൽ അയാളെ ശത്രുവായി പരിഗണിക്കരുത്; പ്രത്യുത ഒരു സഹോദരനെയെന്നവണ്ണം ഉപദേശിക്കുകയാണു വേണ്ടത്. സമാധാനത്തിന്റെ ഉറവിടമായ കർത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങൾക്കു സമാധാനം നല്‌കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ. നിങ്ങൾക്ക് പൗലൊസിന്റെ അഭിവാദനങ്ങൾ! എന്റെ സ്വന്തം കൈകൊണ്ട് ഞാൻ ഇതെഴുതുന്നു. എന്റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാൻ അടയാളം വയ്‍ക്കുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:6-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു അലസമായി നടക്കുന്ന ഏത് സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്. സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. പൗലൊസ് എന്ന ഞാൻ എന്‍റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:6-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ. വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു. സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:6-18 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്. ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല. ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു. സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലിചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ. നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു. അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു. സഹോദരങ്ങളേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ പരിക്ഷീണരാകരുത്. ഈ ലേഖനത്തിൽ ഞങ്ങൾ നൽകുന്ന നിർദേശം അനുസരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളിനെയും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. അപ്പോൾ അവർ ലജ്ജിതരാകും. എന്നിരുന്നാലും, അവരെ ഒരു ശത്രുവായി കണക്കാക്കാതെ ഒരു സഹവിശ്വാസി എന്നനിലയിൽ ഗുണദോഷിക്കുകയാണ് വേണ്ടത്. സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ. ഈ ആശംസകൾ പൗലോസ് എന്ന ഞാൻതന്നെ എന്റെ സ്വന്തം കൈയാൽ എഴുതുന്നു. എന്റെ എല്ലാ ലേഖനങ്ങളും എന്റേതുതന്നെ എന്ന് തിരിച്ചറിയാനുള്ള അടയാളം ഇതുതന്നെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.