സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങൾ നല്‌കിയ പ്രബോധനങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനിൽനിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. ഞങ്ങൾ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ അലസരായിരുന്നില്ല. ആരിൽനിന്നും ഞങ്ങൾ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങൾ കഠിനമായി അധ്വാനിച്ചു. ഞങ്ങൾ ആർക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു. നിങ്ങളുടെ സഹായം ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങൾ അനുകരിക്കത്തക്കവിധം നിങ്ങൾക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്. ജോലി ചെയ്യുവാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഞങ്ങൾ നല്‌കിയിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേൾക്കുന്നതുകൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത്. അവർ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂർവം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. സഹോദരരേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ തളർന്നുപോകരുത്. ഈ കത്തിലെ നിർദേശം അനുസരിക്കാത്തവർ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയിൽ വയ്‍ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേർപ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക. എന്നാൽ അയാളെ ശത്രുവായി പരിഗണിക്കരുത്; പ്രത്യുത ഒരു സഹോദരനെയെന്നവണ്ണം ഉപദേശിക്കുകയാണു വേണ്ടത്. സമാധാനത്തിന്റെ ഉറവിടമായ കർത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങൾക്കു സമാധാനം നല്‌കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ. നിങ്ങൾക്ക് പൗലൊസിന്റെ അഭിവാദനങ്ങൾ! എന്റെ സ്വന്തം കൈകൊണ്ട് ഞാൻ ഇതെഴുതുന്നു. എന്റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാൻ അടയാളം വയ്‍ക്കുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുമാറാകട്ടെ.
2 THESALONIKA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 THESALONIKA 3:6-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ