2 ശമൂവേൽ 7:11-17
2 ശമൂവേൽ 7:11-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ സകല ശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹമുണ്ടാക്കും എന്നു യഹോവ നിന്നോട് അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും. ഈ സകല വാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
2 ശമൂവേൽ 7:11-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇനിയും അവർ പീഡിപ്പിക്കപ്പെടുകയില്ല; നിന്റെ സകല ശത്രുക്കളിൽനിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളർത്തും. നീ മരിച്ചു നിന്റെ പൂർവികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോൾ നിന്റെ സന്തതികളിൽ ഒരാളെ ഞാൻ രാജാവായി നിയമിക്കും; ഞാൻ അവന്റെ രാജത്വം ഉറപ്പിക്കും. അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനുമായിരിക്കും. അവൻ തെറ്റു ചെയ്യുമ്പോൾ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാൻ അവനെ ശിക്ഷിക്കും. നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്നെന്നപോലെ നിന്റെ പുത്രനിൽനിന്ന് എന്റെ സുസ്ഥിരസ്നേഹം പിൻവലിക്കുകയില്ല. നിനക്ക് എപ്പോഴും പിൻതലമുറക്കാരുണ്ടായിരിക്കും; നിന്റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാൻ ദാവീദിനോടു പറഞ്ഞു.
2 ശമൂവേൽ 7:11-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്‍റെ സകലശത്രുക്കളിൽനിന്ന് നിനക്ക് സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു. നിന്നിൽനിന്ന് ഉത്ഭവിക്കുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്‍റെ പിതാക്കന്മാരോടുകൂടി നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്‍റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്ന് നീങ്ങിപ്പോകുകയില്ല. നിന്‍റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’” ഈ സകലവാക്കുകൾക്കും ദർശനത്തിനും അനുസരിച്ച് നാഥാൻ ദാവീദിനോട് സംസാരിച്ചു.
2 ശമൂവേൽ 7:11-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽ നിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും. ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
2 ശമൂവേൽ 7:11-17 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും. “ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു: നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ” ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.