2 ശമുവേൽ 7
7
ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം
1ദാവീദ് രാജാവ് കൊട്ടാരത്തിൽ താമസമുറപ്പിക്കുകയും ചുറ്റുമുള്ള സകലശത്രുക്കളിൽനിന്നും യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകുകയും ചെയ്തശേഷം, 2ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു.
3അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും പ്രവർത്തിച്ചുകൊൾക, യഹോവ അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു രാജാവിനോട് മറുപടി പറഞ്ഞു.
4എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി:
5“നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: ഞാൻ അധിവസിക്കേണ്ടതിന്നു നീയാണോ എനിക്ക് ഒരു ആലയം പണിയുന്നത്? 6ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഒരു കൂടാരത്തെ എന്റെ വാസസ്ഥലമാക്കി ഞാൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിച്ചുകൊണ്ടിരുന്നു. 7എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനമായ ഇസ്രായേലിനെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ ഭരണാധിപന്മാരിൽ ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ.
8“അതുകൊണ്ട്, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു. 9നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ മഹത്താക്കിത്തീർക്കും. 10ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും. 11ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും.
“ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു: 12നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. 13അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. 14ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. 15എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. 16നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ#7:16 ചി.കൈ.പ്ര. നിന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ”
17ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.
ദാവീദിന്റെ പ്രാർഥന
18അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു:
“കർത്താവായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ? 19അത്രയുമല്ല, കർത്താവായ യഹോവേ, അവിടത്തെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! കർത്താവായ യഹോവേ, കേവല മർത്യനോടുള്ള അവിടത്തെ പ്രവൃത്തി എത്ര മഹത്തായത്!
20“കർത്താവായ യഹോവേ, ഈ ദാസനെ അവിടന്ന് അറിയുന്നല്ലോ! ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? 21അവിടത്തെ വാഗ്ദാനപ്രകാരവും തിരുഹിതം അനുസരിച്ചും ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; അത് അടിയനെ അറിയിച്ചുമിരിക്കുന്നു.
22“കർത്താവായ യഹോവേ, അവിടന്ന് മഹോന്നതനാകുന്നു. ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല. 23അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത#7:23 1 ദിന. 17:21 അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെയും അവരുടെ ദേവന്മാരെയും ഓടിച്ചുകളഞ്ഞുവല്ലോ. 24അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു.
25“ഇപ്പോൾ ദൈവമായ യഹോവേ, അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം പാലിക്കണമേ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ! 26അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ; അങ്ങനെ സൈന്യങ്ങളുടെ യഹോവ ആകുന്നു ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ!” അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെമുമ്പാകെ സുസ്ഥിരമാകട്ടെ.
27“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അവിടത്തെ ദാസനായ അടിയന് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ‘ഞാൻ നിനക്കായി ഒരു ഭവനം പണിയും,’ എന്ന് അരുളിച്ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ! അതിനാൽ അവിടത്തെ ഈ ദാസൻ ഈ പ്രാർഥന അർപ്പിക്കാൻ ധൈര്യപ്പെടുന്നു. 28കർത്താവായ യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ വാക്കുകൾ വിശ്വസനീയമായവയാണ്! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു. 29അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിക്കണമേ! കർത്താവായ യഹോവേ, അവിടന്ന് അരുളിച്ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗൃഹീതമായിരിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമുവേൽ 7: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.