2 പത്രൊസ് 3:10-18
2 പത്രൊസ് 3:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാൺമാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. അങ്ങനെതന്നെ നമ്മുടെ പ്രിയസഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ട് അധർമികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്തസ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ, കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്ത്വം. ആമേൻ.
2 പത്രൊസ് 3:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കൾ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും. പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങൾ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തിന്റെ ദിവസത്തിനുവേണ്ടി നിങ്ങൾ കാത്തിരിക്കുകയും അതിന്റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കൾ വെന്തുരുകും! എന്നാൽ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു. അതിനാൽ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങൾ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വർത്തിക്കുക. നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം, തന്റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. അവയിൽ ചിലത് ദുർഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലർ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങൾ മുൻകൂട്ടി അറിഞ്ഞ് അധർമികളുടെ കെണിയിൽ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.
2 പത്രൊസ് 3:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവിന്‍റെ മടങ്ങിവരവിൻ്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും. ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കേണം? ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്‍റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ. എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായിട്ട് കാത്തിരിക്കുന്നു. അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ സമാധാനമുള്ളവരായും കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ. നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കായിട്ടാണ് എന്നു വിചാരിപ്പിൻ. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനനുസരിച്ച് നിങ്ങൾക്ക് എഴുതിയിരിക്കുന്ന സകല ലേഖനങ്ങളിലും ഇതിനെക്കുറിച്ച് അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ട് വീണുപോകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവിടുത്തേക്ക് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.
2 പത്രൊസ് 3:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.
2 പത്രൊസ് 3:10-18 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും. സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു. അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക. നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കുള്ള അവസരം എന്നു കരുതുക. നമ്മുടെ പ്രിയസഹോദരൻ പൗലോസും തനിക്കു ദൈവം നൽകിയ ജ്ഞാനം അനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വസ്തുതകളെക്കുറിച്ചുതന്നെ ആണല്ലോ അദ്ദേഹം തന്റെ എല്ലാ ലേഖനങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത്. മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. മറ്റു തിരുവെഴുത്തുകൾ എന്നപോലെ ഇവയും, അജ്ഞരും അസ്ഥിരചിത്തരുമായ ചിലർ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. അതുകൊണ്ടു പ്രിയരേ, ഈ കാര്യങ്ങൾ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ നിയമനിഷേധികളുടെ സ്വാധീനവലയത്തിൽപ്പെട്ട്, നിങ്ങളുടെ സുസ്ഥിരസ്ഥാനത്തുനിന്ന് വീഴാതിരിക്കാൻ ജാഗ്രതപുലർത്തുക. നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക.