2 PETERA 3:10-18

2 PETERA 3:10-18 MALCLBSI

കർത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കൾ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും. പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങൾ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തിന്റെ ദിവസത്തിനുവേണ്ടി നിങ്ങൾ കാത്തിരിക്കുകയും അതിന്റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കൾ വെന്തുരുകും! എന്നാൽ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു. അതിനാൽ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങൾ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വർത്തിക്കുക. നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം, തന്റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. അവയിൽ ചിലത് ദുർഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലർ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങൾ മുൻകൂട്ടി അറിഞ്ഞ് അധർമികളുടെ കെണിയിൽ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

2 PETERA 3 വായിക്കുക