2 രാജാക്കന്മാർ 22:14-20

2 രാജാക്കന്മാർ 22:14-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു- അവളോടു സംസാരിച്ചു. അവൾ അവരോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെയൊക്കെയും അനർഥം വരുത്തും. അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരേ ജ്വലിക്കും; അതു കെട്ടുപോകയുമില്ല. എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്. അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനു വരുത്തുവാൻപോകുന്ന അനർഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

2 രാജാക്കന്മാർ 22:14-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹില്‌ക്കീയാപുരോഹിതനും അഹീക്കാം, അക്ബോർ, ശാഫാൻ, അസായാ എന്നിവരും അർഹസിന്റെ പൗത്രനും തിക്വയുടെ പുത്രനും രാജവസ്ത്ര സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു സംസാരിച്ചു. പ്രവാചകി യെരൂശലേമിന്റെ പുതിയ ഭാഗത്താണു പാർത്തിരുന്നത്. പ്രവാചകി അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു പറയുക. യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാൻ നശിപ്പിക്കാൻ പോകുകയാണ്. അവർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാർക്കു ധൂപം അർപ്പിച്ചു; തങ്ങളുടെ സകല പ്രവൃത്തികളാലും അവരെന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിനുനേരെ ജ്വലിക്കും; അതു ശമിക്കയില്ല. സർവേശ്വരന്റെ അരുളപ്പാട് ചോദിക്കാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക; അങ്ങു വായിച്ചു കേട്ട വാക്യങ്ങളെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിനെതിരായുള്ള എന്റെ അരുളപ്പാട് കേട്ടപ്പോൾ നീ പശ്ചാത്തപിക്കുകയും എന്റെ മുമ്പിൽ നീ വിനീതനാവുകയും ചെയ്തു. യെരൂശലേമിനെയും അതിലെ നിവാസികളെയും ഞാൻ ശൂന്യവും ശാപവുമാക്കുമെന്നു പറഞ്ഞപ്പോൾ നീ വസ്ത്രം കീറി എന്റെ മുമ്പിൽനിന്നു കരഞ്ഞു. അതുകൊണ്ട് ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നീ സമാധാനത്തോടെ മരിച്ച് നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടും. ഞാൻ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനർഥമൊന്നും നീ കാണുകയില്ല.” അവർ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.

2 രാജാക്കന്മാർ 22:14-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്‍റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്‍റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു - അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു - അവളോടു സംസാരിച്ചു. അവൾ അവരോട് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്‍റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും. അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിന്‍റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല. “എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്‍റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ട് ഞാൻ നിന്നെ നിന്‍റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്‍റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

2 രാജാക്കന്മാർ 22:14-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു‒അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു‒അവളോടു സംസാരിച്ചു. അവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനർത്ഥം വരുത്തും. അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല. എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻപോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.

2 രാജാക്കന്മാർ 22:14-20 സമകാലിക മലയാളവിവർത്തനം (MCV)

പുരോഹിതനായ ഹിൽക്കിയാവും അഹീക്കാമും അക്ബോരും ശാഫാനും അസായാവുംകൂടി പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. അവൾ അർഹസിന്റെ പൗത്രനും തിക്വയുടെ മകനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു. ശല്ലൂം രാജാവിന്റെ വസ്ത്രശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു. അവൾ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുത്തേക്കയച്ച പുരുഷനോടു ചെന്നു പറയുക. ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും യെഹൂദാരാജാവു വായിച്ച ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച്, നാശം വരുത്താൻപോകുന്നു. കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ കൈകൾ നിർമിച്ച ബിംബങ്ങളെക്കൊണ്ട് എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ സ്ഥലത്തിനെതിരേ എന്റെ കോപം ജ്വലിക്കും; അതു ശമിക്കുകയുമില്ല. നീ കേട്ട വചനങ്ങളെ സംബന്ധിച്ച്, ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിക്കുന്നത് ഇതാണ് എന്ന്, യഹോവയുടെഹിതം ആരായുന്നതിനു നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു ചെന്നു പറയുക: ഞാൻ ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി—അവർ ശാപത്തിനും ശൂന്യതയ്ക്കും പാത്രമായിത്തീരുമെന്ന്—അരുളിച്ചെയ്തിട്ടുള്ളതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ യഹോവയുടെമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനാൽ ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും, നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേൽ വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.’ ” അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.