2. രാജാക്കന്മാർ 22:14-20

2. രാജാക്കന്മാർ 22:14-20 വേദപുസ്തകം

അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു‒അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു‒അവളോടു സംസാരിച്ചു. അവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനർത്ഥം വരുത്തും. അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല. എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻപോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.