2 രാജാക്കന്മാർ 13:1-5

2 രാജാക്കന്മാർ 13:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽതന്നെ നടന്നു. ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കൈയിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കൈയിലും നിരന്തരം വിട്ടുകൊടുത്തു. എന്നാൽ യെഹോവാഹാസ് യഹോവയോട് കൃപയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ട് അവന്റെ അപേക്ഷ കേട്ടു. യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.

2 രാജാക്കന്മാർ 13:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദാരാജാവായ അഹസ്യായുടെ പുത്രൻ യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവർഷം യേഹൂവിന്റെ പുത്രൻ യെഹോവാഹാസ് ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ പതിനേഴു വർഷം ഭരിച്ചു. യെഹോവാഹാസ് സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടർന്നുപോന്നു. അതിനാൽ സർവേശ്വരന്റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും അയാളുടെ പുത്രൻ ബെൻ-ഹദദിന്റെയും കൈകളിൽ തുടർച്ചയായി ഏല്പിച്ചുകൊടുത്തു. യെഹോവാഹാസ് സർവേശ്വരന്റെ സഹായത്തിനായി പ്രാർഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്‌കി. ഇസ്രായേല്യർ സിറിയാക്കാരുടെ കൈയിൽനിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേൽജനം മുൻപെന്നപോലെ സുരക്ഷിതരായി പാർത്തു.

2 രാജാക്കന്മാർ 13:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യെഹൂദാ രാജാവായ അഹസ്യാവിന്‍റെ മകനായ യോവാശിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്‍റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി. ശമര്യയിൽ അവൻ പതിനേഴു വര്‍ഷം വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നെ നടന്നു. ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാം രാജാവായ ഹസായേലിന്‍റെ കയ്യിലും ഹസായേലിന്‍റെ മകനായ ബെൻ-ഹദദിന്‍റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു. എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാം രാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ടു അവന്‍റെ അപേക്ഷ കേട്ടു. യഹോവ യിസ്രായേലിനു ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽ മക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.

2 രാജാക്കന്മാർ 13:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു. യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.

2 രാജാക്കന്മാർ 13:1-5 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദാരാജാവായ അഹസ്യാവിന്റെ മകൻ യോവാശിന്റെ ഇരുപത്തിമൂന്നാമാണ്ടിൽ യേഹുവിന്റെ മകനായ യഹോവാഹാസ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളെ അദ്ദേഹം പിൻതുടർന്ന് യഹോവയുടെ കൺമുൻപിൽ തിന്മ പ്രവർത്തിച്ചു. ആ പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല. അതിനാൽ യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. യഹോവ അവരെ അരാംരാജാവായ ഹസായേലിന്റെയും അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദിന്റെയും കൈകളിൽ പലപ്രാവശ്യം ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ യഹോവാഹാസ് യഹോവയുടെ കാരുണ്യത്തിനുവേണ്ടി അപേക്ഷിച്ചു; അരാംരാജാവ് എത്ര കഠിനമായി ഇസ്രായേലിനെ ഞെരുക്കിയിരുന്നു എന്നു കണ്ടതിനാൽ യഹോവ അദ്ദേഹത്തിന്റെ അപേക്ഷ കേട്ടു. യഹോവ അവർക്കൊരു വിമോചകനെ നൽകി. അങ്ങനെ അവർ അരാമ്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയും പഴയതുപോലെ തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ പാർക്കുകയും ചെയ്തു.