2 കൊരിന്ത്യർ 9:10-15

2 കൊരിന്ത്യർ 9:10-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർധിപ്പിക്കയും ചെയ്യും. ഇങ്ങനെ ദൈവത്തിനു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും. ഈ നടത്തുന്ന ധർമശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും. നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാൺമാൻ വാഞ്ഛിച്ചു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.

2 കൊരിന്ത്യർ 9:10-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിതയ്‍ക്കുവാൻ വിത്തും ഭക്ഷിക്കുവാൻ ആഹാരവും തരുന്ന ദൈവം, നിങ്ങൾ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉൽപാദിപ്പിക്കുകയും ചെയ്യും. എപ്പോഴും ഉദാരശീലരായിരിക്കുവാൻ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങൾക്കു നല്‌കും. ഞങ്ങളിൽനിന്നു ദാനങ്ങൾ സ്വീകരിക്കുന്നവർ നിങ്ങളുടെ ദാനങ്ങൾക്കുവേണ്ടി ദൈവത്തെ സ്തുതിക്കും. നിങ്ങൾ ചെയ്യുന്ന ഈ സേവനം ദൈവത്തിന്റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളിൽനിന്നു ദൈവത്തിന്റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്വീകരിച്ച ക്രിസ്തുവിന്റെ സുവിശേഷത്തോടു നിങ്ങൾക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിന്റെ പേരിലും അനേകമാളുകൾ ദൈവത്തെ പ്രകീർത്തിക്കുന്നു. ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവർ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. അവർണനീയമായ അവിടുത്തെ ദാനത്തിന്റെ പേരിൽ ദൈവത്തിനു സ്തോത്രം!

2 കൊരിന്ത്യർ 9:10-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിക്കുവാൻ അപ്പവും നല്കുന്നവൻ, വിതയ്ക്കാനുള്ള നിങ്ങളുടെ വിത്ത് നൽകി പലമടങ്ങാക്കുകയും, നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും. ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതു മാത്രമല്ലാതെ, ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. ഈ ശുശ്രൂഷയുടെ അംഗീകാരം ഹേതുവായി ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യകൂട്ടായ്മ നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണുവാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. പറഞ്ഞറിയിക്കുവാൻ പറ്റാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.

2 കൊരിന്ത്യർ 9:10-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും. ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും. ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.

2 കൊരിന്ത്യർ 9:10-15 സമകാലിക മലയാളവിവർത്തനം (MCV)

വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും. നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും. നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ. നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!