2 കൊരിന്ത്യർ 4:4-15

2 കൊരിന്ത്യർ 4:4-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്. ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിനു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശു നിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു. “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു, അതുകൊണ്ടു സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടുകൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്ന് ഞങ്ങൾ അറിയുന്നു. കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രം വർധിപ്പിക്കേണ്ടതിനു സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നു.

2 കൊരിന്ത്യർ 4:4-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ സാക്ഷാൽ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിൽനിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു. ഞങ്ങളെത്തന്നെയല്ല ഞങ്ങൾ പ്രസംഗിക്കുന്നത്; യേശുക്രിസ്തുവിനെ കർത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു. ‘അന്ധകാരത്തിൽനിന്നു പ്രകാശം ഉദിക്കും’ എന്ന് അരുൾചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ചത്. എന്നിരുന്നാലും പരമാധികാരം ഞങ്ങൾക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങൾ കേവലം മൺപാത്രംപോലെയാകുന്നു. എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങൾ ഞങ്ങൾക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല; ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാൽ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല. ഞങ്ങൾ മർത്യശരീരത്തിൽ യേശുവിന്റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തിൽ പ്രകാശിക്കണമല്ലോ. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെപ്രതി എപ്പോഴും മരണകരമായ വിപത്തിൽ ഞങ്ങൾ ആയുഷ്കാലം മുഴുവൻ കഴിയുന്നു. ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു എന്നത്രേ ഇതിന്റെ സാരം. ‘ഞാൻ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്റെ ആത്മാവിൽ സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിർപ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇവയെല്ലാം നിങ്ങൾക്കുവേണ്ടിയാണു സംഭവിക്കുന്നത്. ദൈവകൃപ കൂടുതൽ കൂടുതൽ ആളുകൾക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്റെ മഹത്ത്വം കൂടുതൽ പ്രകാശിതമാകുംവിധം അവർ സ്തോത്രം അർപ്പിക്കേണ്ടതാണല്ലോ.

2 കൊരിന്ത്യർ 4:4-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശം ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്. എന്തെന്നാൽ, ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തുള്ള ദൈവതേജസ്സിൻ്റെ പരിജ്ഞാനത്തിന്‍റെ വെളിച്ചം തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഞെരുങ്ങിപ്പോകുന്നില്ല; കുഴങ്ങിയിരിക്കുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്‍റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്‍റെ ജീവൻ വെളിപ്പെടേണ്ടതിന് ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്‌പ്പോഴും യേശു നിമിത്തം മരണത്തിന് ഏല്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു. അതുകൊണ്ട് വിശ്വാസത്തിന്‍റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിർത്തും എന്നു ഞങ്ങൾ അറിയുന്നു. കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്‍റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്.

2 കൊരിന്ത്യർ 4:4-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു. ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു. “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു. കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.

2 കൊരിന്ത്യർ 4:4-15 സമകാലിക മലയാളവിവർത്തനം (MCV)

അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്. എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ. “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു: വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.