ദൈവത്തിന്റെ സാക്ഷാൽ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിൽനിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു. ഞങ്ങളെത്തന്നെയല്ല ഞങ്ങൾ പ്രസംഗിക്കുന്നത്; യേശുക്രിസ്തുവിനെ കർത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു. ‘അന്ധകാരത്തിൽനിന്നു പ്രകാശം ഉദിക്കും’ എന്ന് അരുൾചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ചത്. എന്നിരുന്നാലും പരമാധികാരം ഞങ്ങൾക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങൾ കേവലം മൺപാത്രംപോലെയാകുന്നു. എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങൾ ഞങ്ങൾക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല; ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാൽ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല. ഞങ്ങൾ മർത്യശരീരത്തിൽ യേശുവിന്റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തിൽ പ്രകാശിക്കണമല്ലോ. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെപ്രതി എപ്പോഴും മരണകരമായ വിപത്തിൽ ഞങ്ങൾ ആയുഷ്കാലം മുഴുവൻ കഴിയുന്നു. ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു എന്നത്രേ ഇതിന്റെ സാരം. ‘ഞാൻ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്റെ ആത്മാവിൽ സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിർപ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇവയെല്ലാം നിങ്ങൾക്കുവേണ്ടിയാണു സംഭവിക്കുന്നത്. ദൈവകൃപ കൂടുതൽ കൂടുതൽ ആളുകൾക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്റെ മഹത്ത്വം കൂടുതൽ പ്രകാശിതമാകുംവിധം അവർ സ്തോത്രം അർപ്പിക്കേണ്ടതാണല്ലോ.
2 KORINTH 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 KORINTH 4:4-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ