2 കൊരിന്ത്യർ 11:22-28

2 കൊരിന്ത്യർ 11:22-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?- ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാൻ അധികം; ഞാൻ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു; മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്.

2 കൊരിന്ത്യർ 11:22-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ എബ്രായരാണോ? ഞാനും എബ്രായൻ തന്നെ. അവർ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യൻ തന്നെ. അവർ അബ്രഹാമിന്റെ വംശജരാണെങ്കിൽ ഞാനും അതേ വംശത്തിൽപ്പെട്ടവൻ തന്നെ. അവർ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാൻ പറയുന്നു എന്നു തോന്നാം -ഞാൻ അവരെക്കാൾ മികച്ച ദാസനാകുന്നു; ഞാൻ അവരെക്കാൾ വളരെയധികം അധ്വാനിച്ചു; കൂടുതൽ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി; യെഹൂദന്മാരിൽനിന്ന് മുപ്പത്തൊൻപത് അടി അഞ്ചുപ്രാവശ്യം ഞാൻ കൊണ്ടു; മൂന്നുവട്ടം റോമാക്കാർ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കൽ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപെട്ടു. ഒരിക്കൽ ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. എന്റെ യാത്രകളിൽ വെള്ളപ്പൊക്കത്തിൽനിന്നും കൊള്ളക്കാരിൽനിന്നും സ്വജാതീയരിൽനിന്നും വിജാതീയരിൽനിന്നുമുള്ള വിപത്തുകളിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരിൽ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാൻ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയിൽനിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാൻ വഹിക്കേണ്ടിയിരുന്നു.

2 കൊരിന്ത്യർ 11:22-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; അവർ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു; യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു; മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്.

2 കൊരിന്ത്യർ 11:22-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? ‒ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു‒ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു; മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

2 കൊരിന്ത്യർ 11:22-28 സമകാലിക മലയാളവിവർത്തനം (MCV)

അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ. അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു.