2 KORINTH 11:22-28

2 KORINTH 11:22-28 MALCLBSI

അവർ എബ്രായരാണോ? ഞാനും എബ്രായൻ തന്നെ. അവർ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യൻ തന്നെ. അവർ അബ്രഹാമിന്റെ വംശജരാണെങ്കിൽ ഞാനും അതേ വംശത്തിൽപ്പെട്ടവൻ തന്നെ. അവർ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാൻ പറയുന്നു എന്നു തോന്നാം -ഞാൻ അവരെക്കാൾ മികച്ച ദാസനാകുന്നു; ഞാൻ അവരെക്കാൾ വളരെയധികം അധ്വാനിച്ചു; കൂടുതൽ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി; യെഹൂദന്മാരിൽനിന്ന് മുപ്പത്തൊൻപത് അടി അഞ്ചുപ്രാവശ്യം ഞാൻ കൊണ്ടു; മൂന്നുവട്ടം റോമാക്കാർ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കൽ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപെട്ടു. ഒരിക്കൽ ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. എന്റെ യാത്രകളിൽ വെള്ളപ്പൊക്കത്തിൽനിന്നും കൊള്ളക്കാരിൽനിന്നും സ്വജാതീയരിൽനിന്നും വിജാതീയരിൽനിന്നുമുള്ള വിപത്തുകളിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരിൽ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാൻ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയിൽനിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാൻ വഹിക്കേണ്ടിയിരുന്നു.

2 KORINTH 11 വായിക്കുക