2 ദിനവൃത്താന്തം 7:11-16
2 ദിനവൃത്താന്തം 7:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോനു താൽപര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു. അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഞാൻ നിന്റെ പ്രാർഥന കേട്ട് ഈ സ്ഥലം എനിക്കു യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർഥനയ്ക്ക് എന്റെ കണ്ണ് തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിനു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
2 ദിനവൃത്താന്തം 7:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും പണിതുതീർത്തു; ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീർത്തു. പിന്നീട് സർവേശ്വരൻ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ പ്രാർഥന ഞാൻ കേട്ടു. എനിക്കു യാഗം അർപ്പിക്കുന്നതിനുള്ള ആലയമായി ഞാൻ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതിരിക്കാൻ ഞാൻ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാൻ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്റെ ജനത്തിനിടയിൽ മഹാമാരി വരുത്തുകയോ ചെയ്യുമ്പോൾ, എന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാർഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. ഇവിടെനിന്ന് ഉയരുന്ന പ്രാർഥനകളിലേക്ക് എന്റെ കണ്ണും കാതും തുറന്നിരിക്കും. എന്റെ നാമം ഇവിടെ എന്നേക്കും നിലനിർത്തുന്നതിനുവേണ്ടി ഈ ആലയം ഞാൻ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും.
2 ദിനവൃത്താന്തം 7:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടായിരിക്കേണം എന്നു ശലോമോനു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭകരമായി ചെയ്തു തീർത്തു. അതിനുശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്ക് യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതെ ഞാൻ ആകാശം അടക്കുകയോ, ദേശത്തെ കൃഷി തിന്നു നശിപ്പിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ, എന്റെ ജനത്തിന്റെ ഇടയിൽ പകർച്ചവ്യാധി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി, പ്രാർത്ഥനയിലൂടെ എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം കൊടുക്കും. ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനകൾക്ക് എന്‍റെ കണ്ണ് തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന് ഞാൻ ഇപ്പോൾ അതിനെ തെരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്‌പ്പോഴും ഇവിടെ ഇരിക്കും.
2 ദിനവൃത്താന്തം 7:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു. അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
2 ദിനവൃത്താന്തം 7:11-16 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും. ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.