2 ദിന. 7
7
ദൈവാലയപ്രതിഷ്ഠ
1ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്ന് തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞു. 2യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല. 3തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സ് നിറയുന്നതും യിസ്രായേൽ മക്കൾ കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു:
“അവൻ നല്ലവൻ അല്ലോ;
അവന്‍റെ ദയ എന്നേക്കും ഉള്ളത്” എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു.
4പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. 5ശലോമോൻ രാജാവ് ഇരുപത്തീരായിരം കാളകളേയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളേയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ചേർന്ന് ദൈവാലയം പ്രതിഷ്ഠിച്ചു. 6പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷചെയ്തു. ലേവ്യർ, യഹോവയെ സ്തുതിപ്പാൻ ദാവീദ് രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെ നിന്ന് “യഹോവയുടെ ദയ എന്നേക്കുമുള്ളത്” എന്നു പാടി. യിസ്രായേൽജനം എഴുന്നേറ്റു നില്‍ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.
7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ അർപ്പിക്കാൻ മതിയാകാതെ വന്നപ്പോൾ, അവൻ യഹോവയുടെ ആലയത്തിന് മുമ്പിലുള്ള പ്രാകാരത്തിന്‍റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. 8ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്‍റെ അതിർമുതൽ മിസ്രയീം തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽജനം അവനോടൊപ്പം ഉത്സവം ആചരിച്ചു. 9എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; അതിന് മുമ്പ് ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. 10ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്‍റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ച് സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചു.
11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും തീർത്തു; യഹോവയുടെ ആലയത്തിലും തന്‍റെ അരമനയിലും ഉണ്ടായിരിക്കേണം എന്നു ശലോമോനു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭകരമായി ചെയ്തു തീർത്തു. 12അതിനുശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്ക് യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു. 13മഴ പെയ്യാതെ ഞാൻ ആകാശം അടക്കുകയോ, ദേശത്തെ കൃഷി തിന്നു നശിപ്പിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ, എന്‍റെ ജനത്തിന്‍റെ ഇടയിൽ പകർച്ചവ്യാധി വരുത്തുകയോ ചെയ്താൽ, 14എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി, പ്രാർത്ഥനയിലൂടെ എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം കൊടുക്കും. 15ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനകൾക്ക് എന്‍റെ കണ്ണ് തുറന്നിരിക്കയും എന്‍റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. 16എന്‍റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന് ഞാൻ ഇപ്പോൾ അതിനെ തെരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു; എന്‍റെ ദൃഷ്ടിയും എന്‍റെ ഹൃദയവും എല്ലായ്‌പ്പോഴും ഇവിടെ ഇരിക്കും. 17നീ നിന്‍റെ അപ്പനായ ദാവീദിനെപ്പോലെ എന്‍റെ മുമ്പാകെ നടക്കയും, ഞാൻ നിന്നോട് കല്പിച്ചതൊക്കെയും ചെയ്കയും, എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ, 18യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല എന്നു ഞാൻ നിന്‍റെ അപ്പനായ ദാവീദിനോട് നിയമം ചെയ്തതുപോലെ ഞാൻ നിന്‍റെ സിംഹാസനത്തെ സ്ഥിരമാക്കും. 19എന്നാൽ നിങ്ങൾ പിൻതിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്‍റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ, 20ഞാൻ അവർക്ക് കൊടുത്ത എന്‍റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്‍റെ നാമത്തിനായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെ ഞാൻ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും. 21ഈ ആലയം എത്ര മഹത്തരമായാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ച്: യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാൻ സംഗതി എന്ത്? എന്നു ചോദിക്കും.
22“അതിന് അവർ: “തങ്ങളുടെ പിതാക്കന്മാരെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്ക് വരുത്തിയിരിക്കുന്നത്” എന്നു ഉത്തരം പറയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 7: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.