2 ദിനവൃത്താന്തം 7:1-11
2 ദിനവൃത്താന്തം 7:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല. തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു. പിന്നെ രാജാവും സർവജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. ശലോമോൻരാജാവ് ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു. പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ അവർ മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്ത് യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേലൊക്കെയും നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവർ വിശുദ്ധസഭായോഗം കൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു. ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോനു താൽപര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.
2 ദിനവൃത്താന്തം 7:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗത്തിൽനിന്നു തീയിറങ്ങി ഹോമയാഗങ്ങളും മറ്റു യാഗവസ്തുക്കളും ദഹിപ്പിച്ചു; സർവേശ്വരന്റെ തേജസ്സ് ആലയത്തിൽ നിറഞ്ഞു. അവിടുത്തെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ പുരോഹിതന്മാർക്ക് അവിടെ പ്രവേശിക്കാൻ കഴിഞ്ഞില്ല. അഗ്നി ഇറങ്ങുന്നതും ആലയത്തിൽ സർവേശ്വരന്റെ തേജസ്സ് നിറയുന്നതും ഇസ്രായേൽജനം കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സർവേശ്വരൻ നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു. പിന്നീട് രാജാവും ജനവും ചേർന്നു സർവേശ്വരന്റെ സന്നിധിയിൽ യാഗം അർപ്പിച്ചു. ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോൻരാജാവ് യാഗം അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേർന്നു ദേവാലയ പ്രതിഷ്ഠ നടത്തി. പുരോഹിതന്മാർ താന്താങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു. സർവേശ്വരനു സ്തുതിഗീതങ്ങൾ പാടുമ്പോൾ ഉപയോഗിക്കുന്നതിനു ദാവീദുരാജാവ് നിർമ്മിച്ച വാദ്യോപകരണങ്ങളുമായി ലേവ്യർ അവർക്ക് അഭിമുഖമായി നിന്നു. അവയുടെ അകമ്പടിയോടെ ആയിരുന്നു, “അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വത”മെന്നു പറഞ്ഞു ദാവീദ് സർവേശ്വരനു സ്തോത്രമർപ്പിച്ചിരുന്നത്. ഇസ്രായേൽജനം എഴുന്നേറ്റുനില്‌ക്കവേ പുരോഹിതന്മാർ കാഹളം മുഴക്കി. ശലോമോൻ നിർമ്മിച്ച ഓട്ടുയാഗപീഠം ഹോമയാഗവും ധാന്യയാഗവും മേദസ്സും അർപ്പിക്കാൻ മതിയാകാതെ വന്നതിനാൽ സർവേശ്വരന്റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം ശലോമോൻ ശുദ്ധീകരിച്ചു. അവിടെ ഹോമയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോൻ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്റെ അതിരുമുതൽ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളിൽനിന്നുമുള്ള ഇസ്രായേൽജനങ്ങൾ അദ്ദേഹത്തോടൊപ്പം അതിൽ പങ്കെടുത്തു. യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവർ വിശുദ്ധസഭ കൂടി. ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി സർവേശ്വരൻ നല്‌കിയ അനുഗ്രഹങ്ങൾ ഓർത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു. ശലോമോൻ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും പണിതുതീർത്തു; ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീർത്തു.
2 ദിനവൃത്താന്തം 7:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്ന് തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല. തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സ് നിറയുന്നതും യിസ്രായേൽ മക്കൾ കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു: “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്” എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു. പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. ശലോമോൻ രാജാവ് ഇരുപത്തീരായിരം കാളകളേയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളേയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ചേർന്ന് ദൈവാലയം പ്രതിഷ്ഠിച്ചു. പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷചെയ്തു. ലേവ്യർ, യഹോവയെ സ്തുതിപ്പാൻ ദാവീദ് രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെ നിന്ന് “യഹോവയുടെ ദയ എന്നേക്കുമുള്ളത്” എന്നു പാടി. യിസ്രായേൽജനം എഴുന്നേറ്റു നില്‍ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ അർപ്പിക്കാൻ മതിയാകാതെ വന്നപ്പോൾ, അവൻ യഹോവയുടെ ആലയത്തിന് മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്‍റെ അതിർമുതൽ മിസ്രയീം തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽജനം അവനോടൊപ്പം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; അതിന് മുമ്പ് ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ച് സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചു. ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടായിരിക്കേണം എന്നു ശലോമോനു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭകരമായി ചെയ്തു തീർത്തു.
2 ദിനവൃത്താന്തം 7:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല. തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു. പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു. ശലോമോൻരാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു. പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാൻ ദാവീദ്‌രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേൽ ഒക്കെയും നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു. ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.
2 ദിനവൃത്താന്തം 7:1-11 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോൻ പ്രാർഥിച്ചുതീർന്നപ്പോൾ ആകാശത്തുനിന്നു തീയിറങ്ങി ഹോമയാഗവും മറ്റുയാഗങ്ങളും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തെ നിറച്ചിരുന്നു. യഹോവയുടെ തേജസ്സ് അതിനെ നിറച്ചിരുന്നതുമൂലം പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു: “അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” അതിനുശേഷം, ശലോമോൻരാജാവും സർവജനങ്ങളും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു. രാജാവ് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും യാഗമർപ്പിച്ചു. ഇപ്രകാരം, രാജാവും സകലജനങ്ങളും ചേർന്ന് ദൈവത്തിന്റെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു. പുരോഹിതന്മാർ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. യഹോവയ്ക്കു സ്തുതിപാടാൻ ദാവീദ് രാജാവു നിർമിച്ചിരുന്ന സംഗീതോപകരണങ്ങളുമായി ലേവ്യരും അതുപോലെതന്നെ അണിനിരന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു ചൊല്ലി ദാവീദ് യഹോവയ്ക്കു നന്ദി കരേറ്റുമ്പോൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനിൽക്കവേ പുരോഹിതന്മാർ ലേവ്യർക്ക് അഭിമുഖമായിനിന്ന് കാഹളമൂതി. അതിനുശേഷം ശലോമോൻ, യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, അദ്ദേഹം നിർമിച്ച വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും മേദസ്സിന്റെ ഭാഗങ്ങളും കൊള്ളുമായിരുന്നില്ല. അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഏഴുദിവസം ഉത്സവം ആചരിച്ചു. അവർ യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്ക് ഏഴുദിവസവും ഉത്സവത്തിന് ഏഴുദിവസവും ആഘോഷങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതിനാൽ എട്ടാംദിവസം സഭായോഗം കൂടി. ഏഴാംമാസം ഇരുപത്തിമൂന്നാംതീയതി അദ്ദേഹം ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിലേക്കു മടക്കി അയച്ചു. യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത നന്മകളെയും ഓർത്ത് ആനന്ദിച്ചും ആഹ്ലാദിച്ചും അവർ മടങ്ങിപ്പോയി. ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.