1 തെസ്സലൊനീക്യർ 2:13-20
1 തെസ്സലൊനീക്യർ 2:13-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു. സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാൺമാൻ ഏറ്റവും അധികം ശ്രമിച്ചു. അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടു പ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ? ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങൾതന്നെ.
1 തെസ്സലൊനീക്യർ 2:13-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ സന്ദേശം ഞങ്ങൾ നിങ്ങളെ അറിയിച്ചപ്പോൾ മനുഷ്യന്റെ സന്ദേശമായിട്ടല്ല, വാസ്തവത്തിൽ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ സന്ദേശമായിത്തന്നെ നിങ്ങൾ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങൾ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളിൽ ദൈവം പ്രവർത്തിക്കുന്നു. സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകൾക്കുണ്ടായ അനുഭവം നിങ്ങൾക്കും ഉണ്ടായി. യെഹൂദന്മാരിൽനിന്ന് അവർ സഹിച്ചതുപോലെയുള്ള പീഡനങ്ങൾ നിങ്ങളും സ്വന്തം നാട്ടുകാരിൽനിന്നു സഹിച്ചു. യെഹൂദജനം കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവർ! സകല മനുഷ്യർക്കും അവർ വിരോധികളാണ്. രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാൻ അവർ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂർത്തിയാക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വന്നിരിക്കുന്നു. സഹോദരരേ, ഞങ്ങൾ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളിൽനിന്നു വേർപിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാൻ എത്രവളരെ വാഞ്ഛിച്ചു! നിങ്ങളുടെ അടുക്കലേക്കു വീണ്ടും വരുവാൻ ഞങ്ങൾ ആഗ്രഹിക്കുകയും, പൗലൊസ് എന്ന ഞാൻ തന്നെ പലവട്ടം അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, സാത്താൻ അതിനു പ്രതിബന്ധമുണ്ടാക്കി. ഏതായാലും നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യാഗമനത്തിൽ അവിടുത്തെ മുമ്പാകെ, ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും നിങ്ങൾ തന്നെയാണ്. അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും.
1 തെസ്സലൊനീക്യർ 2:13-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നെ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചു കൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നെ നിങ്ങളും സ്വജനത്തിൽ നിന്ന് സഹിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളുമല്ലോ. ജനതകൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെ മേൽ വന്നെത്തിയിരിക്കുന്നു. സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്ക് ഹൃദയംകൊണ്ടല്ല, ഞങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് നിങ്ങളെ വിട്ടുപിരിഞ്ഞിട്ട് അതിയായ ആഗ്രഹത്തോടെ വീണ്ടും നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു. അതുകൊണ്ട് നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ ഒന്ന് രണ്ടുപ്രാവശ്യം വിചാരിച്ചു, എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആർ ആകുന്നു? മറ്റുള്ളവരോടൊപ്പം നിങ്ങളും അല്ലയോ? ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നെ.
1 തെസ്സലൊനീക്യർ 2:13-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു. സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു. അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ? ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
1 തെസ്സലൊനീക്യർ 2:13-20 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു. സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു. യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്. യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു. എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.