1 തെസ്സ. 2
2
തെസ്സലോനീക്യയിലുള്ള പൗലോസിന്റെ ശുശ്രൂഷ
1സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. 2ഫിലിപ്പിയിൽവച്ച് ഞങ്ങൾ കഷ്ടവും അപമാനവും സഹിക്കേണ്ടിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ! എങ്കിലും വലിയ എതിർപ്പിൻ്റെ നടുവിൽ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. 3ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.
4സുവിശേഷം ഞങ്ങളെ ഭരമേല്പിക്കേണ്ടതിന് ദൈവത്തിന് കൊള്ളാകുന്നവരായി ഞങ്ങൾ തെളിഞ്ഞതുപോലെ മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്. 5നിങ്ങൾ അറിയുംപോലെ മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിൻ്റെ ഉപായമോ ഞങ്ങൾ ഒരിക്കലും പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. 6ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന പദവിയിൽ വലിപ്പം ഭാവിക്കുവാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ നിങ്ങളോടാകട്ടെ, മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല.
7ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. 8ഇങ്ങനെ വാത്സല്യത്തോടെ ദൈവത്തിന്റെ സുവിശേഷം പങ്കുവെപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഞങ്ങൾ ഒരുക്കമായിരുന്നു.
9സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ രാവും പകലും വേലചെയ്തു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു. 10വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര വിശുദ്ധിയോടും നീതിയോടും കുറ്റമില്ലാത്തവരായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി. 11നിങ്ങൾ അറിയുന്നതുപോലെ തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവണ്ണം 12ഞങ്ങൾ നിങ്ങളിൽ ഓരോരുത്തരെയും അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു.
കഷ്ടങ്ങളിൽ കൂട്ടാളി ആകുവാനുള്ള ആഹ്വാനം
13ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നെ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചു കൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു.
14സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നെ നിങ്ങളും സ്വജനത്തിൽ നിന്ന് സഹിച്ചുവല്ലോ. 15യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളുമല്ലോ. 16ജനതകൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെ മേൽ വന്നെത്തിയിരിക്കുന്നു.
തെസ്സലോനീക്യരെ കാണുവാനുള്ള അഭിവാഞ്ച
17സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്ക് ഹൃദയംകൊണ്ടല്ല, ഞങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് നിങ്ങളെ വിട്ടുപിരിഞ്ഞിട്ട് അതിയായ ആഗ്രഹത്തോടെ വീണ്ടും നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു. 18അതുകൊണ്ട് നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ ഒന്ന് രണ്ടുപ്രാവശ്യം വിചാരിച്ചു, എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. 19നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആർ ആകുന്നു? മറ്റുള്ളവരോടൊപ്പം നിങ്ങളും അല്ലയോ? 20ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 തെസ്സ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.