1 തെസ്സലൊനീക്യർ 2:13-16
1 തെസ്സലൊനീക്യർ 2:13-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
1 തെസ്സലൊനീക്യർ 2:13-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ സന്ദേശം ഞങ്ങൾ നിങ്ങളെ അറിയിച്ചപ്പോൾ മനുഷ്യന്റെ സന്ദേശമായിട്ടല്ല, വാസ്തവത്തിൽ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ സന്ദേശമായിത്തന്നെ നിങ്ങൾ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങൾ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളിൽ ദൈവം പ്രവർത്തിക്കുന്നു. സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകൾക്കുണ്ടായ അനുഭവം നിങ്ങൾക്കും ഉണ്ടായി. യെഹൂദന്മാരിൽനിന്ന് അവർ സഹിച്ചതുപോലെയുള്ള പീഡനങ്ങൾ നിങ്ങളും സ്വന്തം നാട്ടുകാരിൽനിന്നു സഹിച്ചു. യെഹൂദജനം കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവർ! സകല മനുഷ്യർക്കും അവർ വിരോധികളാണ്. രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാൻ അവർ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂർത്തിയാക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വന്നിരിക്കുന്നു.
1 തെസ്സലൊനീക്യർ 2:13-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നെ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചു കൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നെ നിങ്ങളും സ്വജനത്തിൽ നിന്ന് സഹിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളുമല്ലോ. ജനതകൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെ മേൽ വന്നെത്തിയിരിക്കുന്നു.
1 തെസ്സലൊനീക്യർ 2:13-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു. സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
1 തെസ്സലൊനീക്യർ 2:13-16 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു. സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു. യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്. യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.