1 തെസ്സലൊനീക്യർ 2:1-6
1 തെസ്സലൊനീക്യർ 2:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർഥമായില്ല എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല. ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിനു ഞങ്ങൾ ദൈവത്തിനു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥയ്ക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോട്, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല
1 തെസ്സലൊനീക്യർ 2:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചത് വ്യർഥമായില്ല എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുന്നതിനുമുമ്പ് ഫിലിപ്പിയിൽവച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങൾക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങൾക്കു നല്‌കി. ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുൻനിറുത്തി ഉള്ളതല്ല. ഞങ്ങൾ ആരെയും കബളിപ്പിക്കുന്നുമില്ല. പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങൾ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാൽ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഞങ്ങൾ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാർഥനിഷ്ഠമായ ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങൾക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെന്ന നിലയിൽ ഞങ്ങൾക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങൾ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾ ശ്രമിച്ചിട്ടുമില്ല.
1 തെസ്സലൊനീക്യർ 2:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. ഫിലിപ്പിയിൽവച്ച് ഞങ്ങൾ കഷ്ടവും അപമാനവും സഹിക്കേണ്ടിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ! എങ്കിലും വലിയ എതിർപ്പിൻ്റെ നടുവിൽ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല. സുവിശേഷം ഞങ്ങളെ ഭരമേല്പിക്കേണ്ടതിന് ദൈവത്തിന് കൊള്ളാകുന്നവരായി ഞങ്ങൾ തെളിഞ്ഞതുപോലെ മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്. നിങ്ങൾ അറിയുംപോലെ മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിൻ്റെ ഉപായമോ ഞങ്ങൾ ഒരിക്കലും പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന പദവിയിൽ വലിപ്പം ഭാവിക്കുവാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ നിങ്ങളോടാകട്ടെ, മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല.
1 തെസ്സലൊനീക്യർ 2:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല. ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല
1 തെസ്സലൊനീക്യർ 2:1-6 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ. മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു. ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല; നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്. ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കറിയാം; അതിനു ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല.