1 ശമൂവേൽ 6:5-13
1 ശമൂവേൽ 6:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിനു തിരുമുൽക്കാഴ്ച വയ്ക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെമേൽനിന്നും നിങ്ങളുടെ ദേവന്മാരുടെമേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അദ്ഭുതം പ്രവർത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയയ്ക്കയും അവർ പോകയും ചെയ്തത്? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിൻ; നിങ്ങൾ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നെയാകുന്നു നമുക്ക് ഈ വലിയ അനർഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് അവന്റെ കൈയല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്ന് അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നെ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി; അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.
1 ശമൂവേൽ 6:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്റെ ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുവിൻ; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്റെയും നേർക്കുള്ള ശിക്ഷ മതിയാക്കിയേക്കാം; ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവർ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കുകയും അവർ അവിടെനിന്നു പോരുകയും ചെയ്തത്. നിങ്ങൾ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിൻ; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക. സർവേശ്വരന്റെ പെട്ടകം എടുത്തു വണ്ടിയിൽ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങൾ കൊടുത്തയയ്‍ക്കുന്ന സ്വർണരൂപങ്ങൾ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിൻ; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിൻ; അതു യഥേഷ്ടം പോകട്ടെ. അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കിൽ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കിൽ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.” അവർ പറഞ്ഞതുപോലെ ജനം പ്രവർത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടിൽ നിറുത്തി. പിന്നീട് അവർ സർവേശ്വരന്റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വർണരൂപങ്ങൾ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയിൽ വച്ചു. ആ പശുക്കൾ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാർ ബേത്ത്-ശേമെശിന്റെ അതിർത്തിവരെ അവയെ പിന്തുടർന്നു. ബേത്ത്-ശേമെശ് നിവാസികൾ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു; അവർ നോക്കിയപ്പോൾ പെട്ടകം കണ്ടു; അവർ അത്യധികം ആഹ്ലാദിച്ചു.
1 ശമൂവേൽ 6:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്‍റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വയ്ക്കേണം; ഒരുവേള യഹോവ തന്‍റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്. “അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക. പിന്നെ യഹോവയുടെ നിയമപെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക. പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നെയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല, അവിചാരിതമായി സംഭവിച്ചതാണ് എന്നു അറിയുക.” അവർ അങ്ങനെ തന്നെ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു. ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
1 ശമൂവേൽ 6:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽ നിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനർത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു. ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.
1 ശമൂവേൽ 6:5-13 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം. ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്? “ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക! യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക. എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.” അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു. സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു. അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു. ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു.