അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്റെ ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുവിൻ; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്റെയും നേർക്കുള്ള ശിക്ഷ മതിയാക്കിയേക്കാം; ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവർ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കുകയും അവർ അവിടെനിന്നു പോരുകയും ചെയ്തത്. നിങ്ങൾ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിൻ; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക. സർവേശ്വരന്റെ പെട്ടകം എടുത്തു വണ്ടിയിൽ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങൾ കൊടുത്തയയ്‍ക്കുന്ന സ്വർണരൂപങ്ങൾ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിൻ; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിൻ; അതു യഥേഷ്ടം പോകട്ടെ. അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കിൽ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കിൽ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.” അവർ പറഞ്ഞതുപോലെ ജനം പ്രവർത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടിൽ നിറുത്തി. പിന്നീട് അവർ സർവേശ്വരന്റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വർണരൂപങ്ങൾ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയിൽ വച്ചു. ആ പശുക്കൾ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാർ ബേത്ത്-ശേമെശിന്റെ അതിർത്തിവരെ അവയെ പിന്തുടർന്നു. ബേത്ത്-ശേമെശ് നിവാസികൾ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു; അവർ നോക്കിയപ്പോൾ പെട്ടകം കണ്ടു; അവർ അത്യധികം ആഹ്ലാദിച്ചു.
1 SAMUELA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 6:5-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ